തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നാളെ ചര്‍ച്ച വിളിച്ചു. മാനെജ്‌മെന്റ്, വിദ്യാര്‍ഥി, രക്ഷകര്‍തൃ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ വധ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെ പഴയന്നൂര്‍ പൊലീസ് കേസെടുത്തു.

പാമ്പാടി നെഹ്‌റു കോളേജിന് മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി – യുവജന സംഘടനകള്‍ അനിശ്ചിത കാല സമരം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ഇടപെടല്‍. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ ജില്ലാ കളക്ടര്‍ എ. കൗശികനാണ് ചര്‍ച്ച വിളിച്ചത്. രാവിലെ ഒമ്പതിന് നടക്കുന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ്, വിദ്യാര്‍ഥി രക്ഷാകര്‍തൃ പ്രതിനിധികള്‍ പങ്കെടുക്കും. ചെയര്‍മാന്‍ കൃഷ്ണദാസിനും മറ്റ് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും. അതിനിടെ നെഹ്‌റു കോളേജില്‍ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്കുനേരെ വധഭീഷണി മുഴക്കിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കൃഷ്ണദാസിനെതിരെ പഴയന്നൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥികളെ മോര്‍ച്ചറിയില്‍ കാണേണ്ടിവരുമെന്ന് കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു പുതിയ കേസ്.