കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്‌കൂള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌കൂള്‍ ഏറ്റെടുക്കലിനെതിരെ മാനേജര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി. ഉച്ചക്ക് ശേഷം വിദ്യാഭ്യാസമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് സ്‌കൂള്‍ ഏറ്റെടുക്കല്‍ നടന്നത്‍. മലാപ്പറമ്പിനൊപ്പം അടച്ചുപൂട്ടിയ മറ്റു മൂന്നു സ്‌കൂളുകള്‍ കൂടി സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. മലാപ്പറമ്പ് സ്‌കൂളിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച മന്ത്രിയെ എ പ്രദീപ്കുമാര്‍ എംഎല്‍എ പ്രശംസിച്ചു.

ഏറെ വൈകാരികമായ അന്തരീക്ഷത്തിലാണ് അഞ്ചുമാസം മുമ്പ് സ്‌കൂള്‍ പടിയിറങ്ങിയ വിദ്യാര്‍ത്ഥികളെ വരവേറ്റത്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും സ്ഥലം എംഎല്‍എ എ പ്രദീപ്കുമാറും ചേര്‍ന്ന് കളക്‌ടറേറ്റിലെ താല്‍ക്കാലികകേന്ദ്രത്തില്‍നിന്ന് വിദ്യാര്‍ത്ഥികളെ മലാപ്പറമ്പ് സ്‌കൂളിലെത്തിച്ചു. അത്യന്തം സന്തോഷത്തിലായിരുന്നു കുട്ടികള്‍ സ്‌കൂളിലെത്തിയത്. 35 സെന്റ് സ്ഥലവും സ്‌കൂള്‍ കെട്ടിടവും കൂടി ആറു കോടി രൂപയ്‌ക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ നല്‍കിയ നഷ്‌ടപരിഹാരം സ്വീകരിക്കുന്നുവെന്ന് അറിയിച്ച മാനേജര്‍ പത്മരാജന്‍ ഇനി നിയമപോരാട്ടത്തിന് ഇല്ലെന്നും അറിയിച്ചിട്ടുണ്ട്.