ദിന്ദോരി: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണനയും ആക്ഷേപവും. ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന് പറഞ്ഞ് യുവതിയോട് മടങ്ങിപോകാനും ആശുപത്രി അധികൃതര്‍ പറഞ്ഞതായാണ് ആരോപണം. കടുത്ത വേദനയില്‍ പുളഞ്ഞ യുവതിയെ നഴ്സ് മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. 

ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍ വീണ്ടും വേദന ആരംഭിച്ച യുവതി വഴിയരികിലെ വയലില്‍ വച്ച് ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി.മധ്യപ്രദേശിലെ ദിന്ദോരി ജില്ലയില്‍ നിന്നുള്ള സമര്‍വതി എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. വയലിന് സമീപമുളള വീട്ടിലെ സ്ത്രീകള്‍ സഹായത്തിനെത്തിയതോടെ അപകടം കൂടാതെ പൂര്‍ണ ആരോഗ്യവാനായ ശിശുവിനാണ് യുവതി ജന്മം നല്‍കിയത്. 

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അസഹ്യമായ വേദനയോടെ ആശുപത്രിയിലെത്തിയത്. ആശുപത്രി ജീവനക്കാരില്‍ നിന്നുണ്ടായ അനാസ്ഥ പൊറുക്കാനാവുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.