തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള ഇരട്ടപ്പദവി നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. 1951 ലെ നിയമസഭാ അയോഗ്യതാ നീക്കം ചെയ്യല്‍ നിയമമാണ് ഭേദഗതി ചെയ്തത്. ഇതോടെ വി എസ് അച്യുതാനന്ദന് എംഎല്‍എ പദവിയ്ക്കൊപ്പംതന്നെ കാബിനറ്റ് പദവിയോടെ ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം കൂടി ഏറ്റെടുക്കുന്നതിനുള്ള തടസം നീങ്ങി.

നേരത്തെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ബില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെയാണ് നിയമസഭ പാസാക്കിയത്.ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന പ്രതിപക്ഷവാദം സര്‍ക്കാര്‍ തള്ളി. സ്ഥാനം നല്‍കി അച്യുതാനന്ദനെ പാര്‍ട്ടി നിശ്ശബ്ദനാക്കാകുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയാക്കാമെന്ന് വ്യാമോഹിപ്പിച്ച് വിഎസിനെ പാര്‍ട്ടി വ‌ഞ്ചിച്ചെന്നും വിഭാഗീയത തീര്‍ക്കാനുള്ള പദവിക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവിടരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വിഎസിന് ഏത് പദവി നല്‍കിയാലും ജനം അംഗീകരിക്കുമെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ നിലപാട്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ വിഎസ് പക്ഷക്കാരനായ എസ് ശര്‍മ്മയുടെ പ്രതിരോധം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഎസിനെ അപമാനിക്കാനുള്ള ശ്രമം ചരിത്രത്തോടുള്ള അനീതിയാണെന്ന് എസ് ശര്‍മ്മ പറഞ്ഞു. പാര്‍ട്ടിയും

വിഎസും രണ്ട് ധ്രുവത്തിലാണെന്ന ആരോപണം നിയമമന്ത്രി നിഷേധിച്ചു.സ്ഥാനത്തിന് പിന്നാലെപോകുന്ന ആളല്ല വിഎസെന്നും എ.കെ.ബാലന്‍ മറുപടി നല്‍കി. ബില്‍ പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കമ്മീഷന്‍ ചെയര്‍മാന്റെ അധികാരങ്ങള്‍, സൗകര്യങ്ങള്‍, കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ എന്നിവയെ കുറിച്ച് മന്ത്രിസഭ പിന്നീട് തീരുമാനിക്കും.