ദില്ലി: കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച ജഡ്ജിമാരെ ഹൈക്കോടതികളില്‍ നിയമിക്കുന്നതിന് 18 പേരുകള്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് കൈമാറി.ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, കൊല്‍ക്കത്ത, അലഹാബാദ് ഹൈക്കോടതികളിലാണ് ആദ്യഘട്ടത്തില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച ജഡ്ജിമാരെ ഇപ്പോള്‍ നിയമിക്കുന്നത്.
 
സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പലതവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതിന്റെ നടപടികള്‍ വൈകുന്നതില്‍ സുപ്രീംകോടതി കടുത്ത വിമര്‍ശനവും ഉയര്‍ത്തി. ഇതിനിടെ കഴിഞ്ഞ ഏപ്രില്‍മാസത്തില്‍ കേന്ദ്ര നിയമമന്ത്രിയും മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസും പങ്കെടുത്ത യോഗത്തില്‍ കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച ജഡ്ജിമാരെ ഹൈക്കോടതികളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ധാരണയായത്.

രണ്ടാഴ്ചമുമ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം നിയമമന്ത്രാലയം ഇറക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് തെലങ്കാന, ആന്ധ്രപ്രദേശ്, കൊല്‍ക്കത്ത, മധ്യപ്രദേശ്, അലഹാബാദ് ഹൈക്കോടതികളില്‍ നിയമിക്കാനുള്ള 18 റിട്ട ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി കൈാമറിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ശുപാര്‍ശയിന്മേല്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയം വ്യക്തമാക്കി. ഭരണഘടനയുടെ 224-ാം അനുഛേദം അനുസരിച്ചാണ് വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ നിയമമന്ത്രാലയം പൂര്‍ത്തിയാക്കുന്നത്.