തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ എത്തിയാലും വിവരാവകാശ നിയമപ്രകാരം ലഭ്യമാകാൻ പിന്നെയും സമയമെടുക്കും.റിപ്പോർട്ടിന്മേലുള്ള നിയമോപദേശത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾക്ക് ശേഷം മാത്രമേ റിപ്പോർട്ട് ലഭ്യമാക്കാനാകൂവെന്നാണ് സർക്കാർ നിലപാട്.വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ്സർക്കാരിന്റെ മറുപടി.

നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്നത് നിയമസഭയുടെ അവകാശലംഘനമാണെന്നായിരുന്നു ഇത് വരെയുള്ള സർക്കാർ നിലപാട്. എന്നാൽ മന്ത്രിസഭാ യോഗങ്ങളിലെ തീരുമാനപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് മാത്രമെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിടാനാകൂ എന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. 

വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ മറുപടി. റിപ്പോർട്ടിന്മേൽ രണ്ടാമതും നിയമോപദേശം സ്വീകരിച്ച സർക്കാർ തുടർനടപടി സംബന്ധിച്ച് ഒരു ഉത്തരവ് പോലും ഇത് വരെ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നവംബർ 9 ന് നിയമസഭ ചേർനന് റിപ്പോർട്ട് സഭയിൽ വച്ചാലും പൊടുജനത്തിന്റെ കയ്യിൽ കിട്ടില്ല. റിപ്പോർട്ടിലെ ഉള്ളടക്കവും, റിപ്പോർട്ടിനെ തുടർന്നുള്ള മന്ത്രിസഭായോഗതീരുമാനങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാരിന്‍റെ മറുപടി.

നിയമസഭാ അംഗമായതിനാൽ റിപ്പോർട്ടിൽ ആരോപണവിധേയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് റിപ്പോർട്ട് കിട്ടാനിടയുണ്ട്. എന്നാൽ പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തലുകൾ മറച്ച് വയ്ക്കുന്നതിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നൽകാനാണ് വിവരാവകാശ പ്രവർത്തകരുടെ തീരുമാനം.

മാറാട് കലാപത്തെക്കുറിച്ചുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാടിൽ നിന്ന് വിരുദ്ധമായി വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ജുഡീഷ്യൽ കമ്മീഷൻ അല്ലാത്തതിനാലാണ് വിവരാവകാശനിയമപ്രകാരം കമ്മീഷൻ റിപ്പോർട്ട് ലഭിച്ചത്