തിരുവനന്തപുരം: രാജുമോന് വേണ്ടി നാട്ടുകാര്‍ ഒന്നിച്ചു. 10 മണിക്കൂര്‍ നീണ്ട നാട്ടുകാരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് കടലില്‍ വെച്ചു മരണപ്പെട്ട കൊച്ചുതുറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തീരുമാനമായി. മഹാരാഷ്ട്രയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രണ്ടു ദിവസത്തിനുള്ളില്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പൂവാറിനു സമീപം കൊച്ചുതുറ അടുമ്പു തെക്കേക്കരയില്‍ രാജുമോന്‍ (38)ആണു പുറം കടലില്‍ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടത്. 

മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ സഹായം ബന്ധുക്കള്‍ തേടിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച്ച രാവിലെ നാട്ടുകാര്‍ കൊച്ചുതുറയില്‍ റോഡ് ഉപരോധിച്ചത്. ഇതിനെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ വാസുകിയുമായി നടത്തിയ ചര്‍ച്ചയിലാണു മൃതദേഹം റോഡ് മാര്‍ഗം നാട്ടിലെത്തിക്കാന്‍ തീരുമാനമായത്. രാജുവിന്റെ മൃതദേഹം മഹാരാഷ്ട്രയിലെ രത്‌നഗിരി തുറമുഖത്ത് എത്തിക്കുകയും രാത്രിയോടെ അവിടെ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റുകയും ചെയ്തു. രാജുവിനൊപ്പം മല്‍സ്യബന്ധനത്തിനു പോയ കൊച്ചുതുറ സ്വദേശികളായ ഡിക്‌സണ്‍,സേവ്യര്‍, ജറോം എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം അവര്‍ മൃതദേഹവുമായി നാട്ടിലേക്കു തിരിക്കും.

രാജുവിന്റെ മരണം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ തന്നെ, ഫിഷറീസ് മന്ത്രി, വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍, കലക്ടര്‍ തുടങ്ങിയവരെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനു വേണ്ടി ഉപയോഗിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് തങ്ങള്‍ റോഡ് ഉപരോധം നടത്താന്‍ നിര്‍ബന്ധിതരായതെന്നു നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ വിഴിഞ്ഞം-പൂവാര്‍ റോഡില്‍ കൊച്ചുതുറയിലായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതിനിടെ പലതവണ കലക്ടര്‍ ഉള്‍പ്പടെയുള്ളവരെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും ആരും ചര്‍ച്ചയ്ക്കു തയാറായില്ലത്രേ. പിന്നീട് വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.