തിരുവനന്തപുരം: രാത്രികാല ഷോപിങ്ങിന് നിയമ പ്രാബല്യമാകുന്നു. സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനുള്ള പരിപാടികളുടെ ഭാഗമായാണ് കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം പൊളിച്ചെഴുതുന്നത്. സ്ഥാപനമുടമ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വര്‍ഷം മുഴുവന്‍ 24 മണിക്കൂറും വ്യാപാരം നടത്താന്‍ കഴിയുന്ന രീതിയില്‍ പരിഷ്കാരം നടത്താനാണ് നീക്കം.
നിലവില്‍ രാത്രി പത്തിന് ശേഷം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ഒപ്പം ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണം. അല്ലാത്ത പക്ഷം കട തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. രാത്രി ഏഴിന് ശേഷം സ്ത്രീകളെ ജോലി എടുപ്പിക്കാന്‍ നിലവില്‍ അനുമതി ഇല്ല. എന്നാല്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ യാത്രാ സൗകര്യം ഉറപ്പാക്കിയാല്‍ ഏതുസമയത്തും സ്ത്രീകളെയും ജോലിയില്‍ നിയോഗിക്കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മാതൃകയിലാണ് പുതിയ നിയമം ഇറക്കുക.
ജീവനക്കാര്‍ക്ക് ജോലി സമയം ഒന്‍പത് മണിക്കൂറാകും. ഒരു മണിക്കൂറായിരിക്കും ഇടവേള ലഭിക്കുക. അധിക ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കണം. പരമാവധി ജോലി സമയം ആഴ്ചയില്‍ 125 മണിക്കൂറാകും. ആഴ്ചയില്‍ ഒരിക്കല്‍ അവധിയും നല്‍കണം. സ്ത്രീകള്‍ക്ക് രാത്രി ഒമ്പത് വരെ ജോലി സമ്മതമാണെങ്കില്‍ ഒമ്പതിന് ശേഷവും തുടരാം. സ്ത്രീ സുരക്ഷയും രാത്രി യാത്രാ സൗകര്യവും ഉറപ്പാക്കണം. ഇരുപത് ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചി മുറി ലഭ്യമാക്കണം. സ്ത്രീ ജീവനക്കാരുണ്ടെങ്കില്‍ ക്രഷ് സംവിധാനം ലഭ്യമാക്കണം. നിയ ലംഘനത്തിനുള്ള പിഴ തുകയും വര്‍ദ്ധിപ്പിക്കും എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
സ്ത്രീ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കേണ്ടത് സ്ഥാപന ഉടമയാണ്. എന്നാല്‍ വന്‍കിട സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്റേത് കൂടിയാണ്.കട ഉടമകള്‍ ഒന്നിച്ചോ വ്യാപാരി സംഘടനകളുമായോ ചേര്‍ന്നോ യാത്രാ സൗകര്യം ഏര്‍പ്പെടുത്താം. ക്രഷ് സംവിധാനവും ഇത്തരത്തില്‍ സംയുക്തമായി നടത്താം. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി തര്‍ക്ക പരിഹാര വേദി വേണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
