ന്യൂയോര്‍ക്ക്: ഗ്രഫി എന്ന പൂച്ച നിയമനടപടിയിലൂടെ നേടിയത് അഞ്ച് കോടി, സംഭവം സത്യമാണ്. യു.എസിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ പൂച്ചയാണ് ഗ്രഫി. പൂച്ചയുടെ ചിത്രം നിയമവിരുദ്ധമായി മറ്റൊരു കോഫി കമ്പനി ഉപയോഗിച്ചതിനാണ് 5 കോടി രൂപ പിഴ നൽകാൻ കോടതി ഉത്തരവായത്. ഏവർക്കും സുപരിചിതയായ ഗ്രഫിയുടെ വിപണി മൂല്യം മനസ്സിലാക്കിയ ഉടമസ്ഥൻ ടബാത്ത ബണ്ടേസൺ ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരിൽ ഒരു ശീതള പാനീയം പുറത്തിറക്കി. 

അത് വൻ വിജയമായപ്പോൾ ഈ പൂച്ചയുടെ ചിത്രത്തിന് വിലയേറി. ഇതിനെ തുടർന്ന് ഗ്രഫിയുടെ ചിത്രം മറ്റ് കമ്പനികൾക്ക് നൽകുന്നതിനുള്ള അവകാശം വിൽക്കുന്നതിനായി ബണ്ടേസൺ ഒരു കോപ്പിറൈറ്റ് കമ്പനി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഗ്രീനഡ് കോഫി എന്ന കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്.

കോഫി ഉൽപ്പന്നങ്ങൾക്ക് മാത്രമായിരുന്നു ഗ്രീനഡിന് പൂച്ചയുടെ ചിത്രങ്ങൾ ഉപയോഗിക്കാനുള്ള അവകാശം. എന്നാൽ അടുത്തിടെ ഗ്രിനഡ് പുറത്തിറക്കിയ ടീ ഷർട്ടിലും ഗ്രഫിയുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനെ തുടർന്നാണ് ബണ്ടേസൺ കോടതിയെ സമീപിച്ചത്. മുഖ ഭാവങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ താരമായ ഗ്രഫി ഇപ്പോൾ കോടീശ്വരൻ ആയതിന്റെ ഗെറ്റപ്പിലാണ്. അമേരിക്കയിലെ ഗ്രീനഡ് കമ്പനി അഞ്ചു കോടി രൂപ നൽകണമെന്ന് കാണിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയാണ് ഉത്തരവിറക്കിയത്.