ദുബായില്‍ കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി. കെട്ടിടങ്ങളെ ഹരിത മാനദണ്ഡങ്ങള്‍ പ്രകാരം തരംതിരിക്കുന്ന അല്‍ സാഫാത് പദ്ധതിക്കും തുടക്കമായി.
പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് ദുബായില്‍ കെട്ടിടങ്ങളെ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പ്രകാരം തരംതിരിക്കുക. ബ്രോണ്‍സ് എങ്കിലും ഉണ്ടെങ്കിലേ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കൂ എന്ന് ദുബായ് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. അല്‍ സാഫാത് എന്ന പേരിലാണ് ഹരിത മാനദണ്ഡങ്ങള്‍ പ്രകാരം കെട്ടിടങ്ങളെ തരംതിരിക്കുക.
ജല-ഊര്‍ജ്ജ ഉപയോഗം, ബദല്‍ ഊര്‍ജ്ജ മാര്‍ഗങ്ങളുടെ ഉപയോഗം, പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയെല്ലാമാണ് പരിശോധനയ്‌ക്ക് വിധേയമാക്കുക.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ പെര്‍മിറ്റ് എടുക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും അല്‍ സഫാത് പദ്ധതി ബാധകമായിരിക്കും. പഴയ കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കാനും നഗരസഭ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. 34 ശതമാനം വരെ ഊര്‍ജ്ജം സംരക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ഹരിത മാനദണ്ഡങ്ങള്‍ക്ക് അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് 73 ലക്ഷം ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യം. വൈദ്യുതി ഉപയോഗം 20 ശതമാനവും വെള്ളത്തിന്‍റെ ഉപയോഗം 15 ശതമാനവും പദ്ധതിയിലൂടെ കുറയ്‌ക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പദ്ധതിയെക്കുറിച്ച് കൂടുതല്‍ ബോധവത്ക്കരണത്തിനായി പ്രത്യേക വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.alsafat.ae എന്ന വെബ്സൈറ്റ് വഴി ലഭിക്കും.
