ദില്ലി: ഒന്നര ലക്ഷംവരെയുള്ള കെട്ടിട നിര്‍മ്മാണങ്ങളെ പരിസ്ഥിതി അനുമതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഇറക്കിയ വിജ്ഞാപനത്തിൽ മാറ്റംവരുത്താനാകില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് ഇക്കാര്യം അറിയിച്ച് സര്‍ക്കാർ സത്യവാംങ്മൂലം നൽകിയത്. 

നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനെതിരെ ഹരിത ട്രൈബ്യൂണലിന്‍റെ വിമര്‍മനം നിലനിൽക്കെയാണ് തീരുമാനത്തിൽ മാറ്റംവരുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കിയത്.

കെട്ടിട നിര്‍മ്മാണ മേഖലയിൽ നിലിവുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് കഴിഞ്ഞ ഡിസംബര്‍മാസത്തിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപാനം പുറത്തിറക്കിയിരുന്നു. അത് ചോദ്യം ചെയ്തുകൊണ്ട് സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷൻ ഓഫ് എൻവര്‍മെന്‍റ് ബയോ ഡൈവേഴ്സിറ്റ് നൽകിയ ഹര്‍ജിയിൽ വിജ്ഞാപനം സ്റ്റേ ചെയ്ത ദേശീയ ഹരിത ട്രൈബ്യൂണൽ വനംപരിസ്ഥിതി മന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്രൈബ്യൂണലിന്‍റെ വിമര്‍ശനങ്ങൾ തള്ളി നിലപാടിൽ മാറ്റംവരുത്താനാകില്ലെന്ന് സത്യവാംങ്മൂലത്തിലൂടെ ട്രൈബ്യൂണലിനെ അറിയിച്ചു.

20,000 സ്ക്വയര്‍ മീറ്റര്‍ മുതൽ ഒന്നര ലക്ഷം ലക്ഷം സ്ക്വയര്‍ മീറ്റര്‍ വരെയുള്ള പാര്‍പ്പിട പദ്ധതികൾ, ടൗണ്‍ഷിപ്പുകൾ എന്നിവയുടെ നിര്‍മ്മാണത്തിന് ഇനിമുതൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിന്ന് അനുമതി നൽകാം എന്നതായിരുന്നു വിജ്ഞാപനം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി കിട്ടിയാൽ പരിസ്ഥിതി മന്ത്രായത്തിന്‍റേയോ, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയോ അനുമതി ആവശ്യമില്ല. 

കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണങ്ങൾ ഇല്ലാതാകുന്നത് വലിയ പാരിസ്ഥിത ആഘാതത്തിന് കാരണമാകില്ലേ എന്നും ഉദ്യോഗസ്ഥര്‍ ഇതൊന്നും ആലോചിക്കുന്നില്ലേ എന്നുമായിരുന്നു ഹരിത ട്രൈബ്യുണലിന്‍റെ ചോദ്യം. എന്നാൽ അത് പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നാണ് സത്യവാംങ്മൂലത്തിൽ കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കുന്നത്. വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ സത്യവാങ്മൂലം വരുന്ന 19ന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും.