വിവാഹം മുടങ്ങിയതോടെ വിഷമ സന്ധിയിലായ  വീട്ടുകാരെ ഞെട്ടിച്ച് ചിത്രങ്ങളില്‍ കണ്ട യുവാവ് മണ്ഡപത്തിലേക്ക് എത്തിയതോടെ വധുവിന്റെ വീട്ടുകാര്‍ക്ക് നിയന്ത്രണം നഷ്ടമായി. 

ഹാസന്‍: താലി ചാര്‍ത്തുന്നതിന് നിമിഷങ്ങള്‍ മുന്‍പ് വാട്ട്സ് ആപ്പില്‍ കിട്ടിയ ചിത്രങ്ങള്‍ കണ്ട് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. വധു മറ്റൊരാള്‍ക്കൊപ്പം സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുന്ന ചിത്രമായിരുന്നു വരന് കിട്ടിയത്. വിവാഹം മുടങ്ങിയതോടെ വിഷമ സന്ധിയിലായ വീട്ടുകാരെ ഞെട്ടിച്ച് ചിത്രങ്ങളില്‍ കണ്ട യുവാവ് മണ്ഡപത്തിലേക്ക് എത്തിയതോടെ വധുവിന്റെ വീട്ടുകാര്‍ക്ക് നിയന്ത്രണം നഷ്ടമായി. 

പ്രകോപിതരായ ബന്ധുക്കള്‍ വാട്ട്സ്ആപ്പ് നായകനെ കൈവച്ചപ്പോഴേയ്ക്കും വധു തടസം പിടിച്ച് ഏറെക്കാലമായി യുവാവുമായി പ്രണയത്തില്‍ ആണെന്ന് തുറന്നു പറഞ്ഞു. വധുവിന്റെ ബന്ധുക്കള്‍ അതേ മണ്ഡപത്തില്‍ വധുവിന്റെയും വാട്ട്സ്ആപ്പ് നായകന്റെ വിവാഹം നടത്തി. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറിയ വരന്‍ പൊലീസിനെ സമീപിക്കുമെന്ന് ഭീഷണിയോടെ മണ്ഡപത്തില്‍ നിന്ന് പോയി. 

കര്‍ണാടകയിലെ ഹാസനിലെ ശക്ലേഷ്പൂരില്‍ നടന്ന വിവാഹത്തിലാണ് സിനിമയെ വെല്ലുന്ന ദൃശ്യങ്ങള്‍ നടന്നത്. പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും വിവാഹാലോചനയുമായി വീട്ടുകാര്‍ മുന്നോട്ട് പോവുകയായിരുന്നെന്നാണ് വധു വിശദമാക്കുന്നത്. വിവാഹം നിശ്ചയിച്ച യുവാവിനോട് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള അവസരം ലഭിച്ചതുമില്ലെന്ന് വധു പറയുന്നു. ഇതോടെയാണ് സ്വകാര്യ നിമിഷങ്ങള്‍ വിവാഹം നിശ്ചയിച്ച യുവാവിന് അയച്ചതെന്നാണ് യുവതിയും കാമുകനും വിശദമാക്കുന്നത്.