Asianet News MalayalamAsianet News Malayalam

അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനം; ജിസാറ്റ്-9 വിജയകരമായി വിക്ഷേപിച്ചു

GSAT 9 successfully launched
Author
Sriharikota, First Published May 5, 2017, 1:29 PM IST

ശ്രീഹരിക്കോട്ട: പാകിസ്ഥാനൊഴികെയുള്ള ആറ് സാര്‍ക് രാജ്യങ്ങളിലെ വാര്‍ത്താ വിനിമയ ഉപഗ്രങ്ങളുമായി ഐഎസ്ആര്‍ഒ സൗത്ത് ഏഷ്യാ സാറ്റ്‌ലൈറ്റ് (ജിസാറ്റ്–09) വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 4.57 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. സാര്‍ക് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തിലെ നാഴികക്കല്ലാണ് ഈ ഉപഗ്രഹവിക്ഷേപണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ജിഎസ്എല്‍വിയിലുള്ളത്. 2014 ജൂലൈയില്‍ സാര്‍ക് അംഗരാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമായി പ്രഖ്യാപിയ്‌ക്കപ്പെട്ട ഉപഗ്രഹവിക്ഷേപണത്തില്‍ നിന്ന് പിന്നീട് പാകിസ്ഥാന്‍ വിട്ടുനിന്നു. പാകിസ്ഥാനൊഴികെ ജിഎസ്എല്‍വിയിലുള്ള മറ്റ് ആറ് സാര്‍ക് രാജ്യങ്ങളിലെയും വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ശേഖരിയ്‌ക്കുന്ന വിവരങ്ങള്‍ പരസ്‌പരം കൈമാറാന്‍ ധാരണയായിട്ടുണ്ട്.

വൈകിട്ട് 4.57 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപിയ്‌ക്കപ്പെട്ട ജിഎസ്എല്‍വി എഫ് 09 ന്റെ വിക്ഷേപണം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമുള്‍പ്പടെ ഏഴ് രാജ്യങ്ങളുടെ നേതാക്കളും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വീക്ഷിച്ചു. ചരിത്രനിമിഷമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

പതിവില്‍ നിന്ന് വിപരീതമായി മാധ്യമങ്ങളെ ഒഴിവാക്കിയാണ് ഐഎസ്ജിആര്‍ഒ ജിഎസ്എല്‍വിയുടെ വിക്ഷേപണം നടത്തിയത്. ദൂരദര്‍ശന്‍ വഴിയോ വെബ്സൈറ്റ് വഴിയോ വിക്ഷേപണത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ടായിരുന്നില്ല. ഉപഗ്രഹങ്ങളുടെ വിശദവിവരങ്ങള്‍ പങ്കുവെയ്‌ക്കുന്ന ലഘുലേഖകളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല.

PHOTO CREDIT-AFP

 

Follow Us:
Download App:
  • android
  • ios