തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷം പ്രതിഷേധം ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം പിടിക്കാന്‍ പോകുന്നു. ലോകത്തെ ഏറ്റവും വലിയ ബാനര്‍ ഒരുക്കി പ്രതിഷേധിച്ചാണ് ഈ ശ്രമം നടത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് 10,843,450തോളം ആളുകളുടെ ഒപ്പിട്ടതാണ് ഈ ബാനര്‍. ദേശീയ പാത 47ല്‍ 70 കിലോമീറ്റര്‍ വലിപ്പമുള്ള തുണികൊണ്ടു നിര്‍മ്മിച്ച ബാനറാണ് യുഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. 

ഈ മാസം അവസാനത്തോടെ ബാനറിന്‍റെ ആവശ്യത്തിനായി ഒപ്പു ശേഖരണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിവിധ നയങ്ങളിലുള്ള പ്രതിഷേധമാണ് ഒപ്പുകളായി വന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുള്ള 23,000 ബൂത്ത് കമ്മിറ്റികള്‍ ചേര്‍ന്നാണ് ഭീമന്‍ ബാനര്‍ തയ്യാറാക്കുന്നത്. ഇതിലൂടെ ഏറ്റവും നീളമുള്ള ബാനര്‍ എന്ന റെക്കോഡും ഏറ്റവുമധികം ഒപ്പുകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന റെക്കോഡും യുഡിഎഫിന് സ്വന്തമാകും.

തലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പടിക്കല്‍ മുതല്‍ കൊല്ലം കളക്ടറേറ്റ് വരെയാണ് ബാനറിന്റെ വലിപ്പം. ഫെബ്രുവരി ആറിനാണ് ലോകശ്രദ്ധ പിടിച്ചു പറ്റുന്ന പ്രതിഷേധം നടക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് ഉയര്‍ത്തുന്നത് ഏകദേശം മൂന്നു മിനിട്ടോളം ഗതാഗതം തടസപ്പെടുത്തില്‍ റോഡില്‍ ഇറങ്ങും.

മൂന്ന് മിനിട്ട് മാത്രമാണ് ഗതാഗതം തടസ്സപ്പെടുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വി.ഡി. സതീശന്‍ പറഞ്ഞു. ഇതിന് മുന്‍പുള്ള ബാനറിന്റെ റെക്കോഡും ഇന്ത്യക്കുള്ളതാണ്. 63.7 കിലോ മീറ്റര്‍ ദൂരമാണ് അന്നത്തെ ബാനറിനുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ മഹാബലിപുരത്തായിരുന്നു ഇത് ഉയര്‍ന്നത്.