Asianet News MalayalamAsianet News Malayalam

മുസ്ലീം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി തുറന്നുസമ്മതിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ന്യൂനപക്ഷസമുദായത്തില്‍ പെട്ടയാളാണെന്ന് മാര്‍ക്ക് ചെയ്തുകഴിയുമ്പോള്‍ അടുത്ത ചോദ്യം വരും. 'മുസ്ലീം' അല്ലെങ്കില്‍ 'മറ്റുള്ളവ' എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ മാത്രമേ ഈ ഘട്ടത്തില്‍ കാണൂ. 'മുസ്ലീം' എന്ന് സ്വയം അടയാളപ്പെടുത്തിക്കഴിയുന്നതോടെ ആ വിദ്യാര്‍ത്ഥിയുടെ മുഴുവന്‍ വിശദാംശങ്ങളും മറ്റൊരു ഡിജിറ്റല്‍ സ്‌പെയ്‌സിലേക്ക് മാറ്റപ്പെടും

gujarat government admits that they are collecting data of muslim students
Author
Gandhinagar, First Published Nov 28, 2018, 3:11 PM IST

ഗാന്ധിനഗര്‍: മുസ്ലീം വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി. പത്താംക്ലാസ്- പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിച്ചുവരുന്നതെന്നും മന്ത്രി ഭൂപേന്ദ്രസിന്‍ഹ് അറിയിച്ചു. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഈ വിവരശേഖരണം നടത്തുന്നുണ്ടെന്നും ഒരു ന്യൂസ് ഏജന്‍സിയോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍തലത്തില്‍ വച്ചുതന്നെയാണ് വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത്. ന്യൂനപക്ഷസമുദായത്തില്‍ പെട്ട കുട്ടിയാണെങ്കില്‍ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ച് അയക്കാനുള്ള ഫോമില്‍ വീണ്ടും വിവരങ്ങള്‍ നല്‍കണം. 

ന്യൂനപക്ഷസമുദായത്തില്‍ പെട്ടയാളാണെന്ന് മാര്‍ക്ക് ചെയ്തുകഴിയുമ്പോള്‍ അടുത്ത ചോദ്യം വരും. 'മുസ്ലീം' അല്ലെങ്കില്‍ 'മറ്റുള്ളവ' എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ മാത്രമേ ഈ ഘട്ടത്തില്‍ കാണൂ. 'മുസ്ലീം' എന്ന് സ്വയം അടയാളപ്പെടുത്തിക്കഴിയുന്നതോടെ ആ വിദ്യാര്‍ത്ഥിയുടെ മുഴുവന്‍ വിശദാംശങ്ങളും മറ്റൊരു ഡിജിറ്റല്‍ സ്‌പെയ്‌സിലേക്ക് മാറ്റപ്പെടും. ഇത്തരത്തില്‍ 2013 മുതലല്‍ സൂക്ഷിക്കുന്ന 'ഡാറ്റ' കൈവശമുണ്ടെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. 

എന്നാല്‍ എന്തുകൊണ്ടാണ് മുസ്ലീം വിദ്യാര്‍ത്ഥികളുടെ മാത്രം വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന ന്യൂസ് ഏജന്‍സിയുടെ ചോദ്യത്തിന് മന്ത്രി കൃത്യമായി ഉത്തരം നല്‍കാന്‍ തയ്യാറായില്ല. 'വിവരശേഖരണത്തിന്റെ ഭാഗമാണ്' എന്നായിരുന്നു മന്ത്രിയുടെ ഒഴുക്കന്‍ മറുപടി. 

അതേസമയം മുസ്ലീം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയെ കുറിച്ച് മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് കാര്യമായ ബോധ്യമില്ലെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു.  

'പലര്‍ക്കും ഇക്കാര്യത്തെ പറ്റി അറിയുക പോലുമില്ല. മുസ്ലീം കുട്ടികളുടെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് ഈ വിവരശേഖരണമെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ അങ്ങനെയെന്തെങ്കിലും ചുവട് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ലല്ലോ...'- 'ഹമാരി ആവാസ്' എന്ന സംഘടനയുടെ സ്ഥാപകനായ കൗസര്‍ അലി സയിദ് പറഞ്ഞു. 

തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ വിയോജിപ്പ് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അതെപ്പറ്റി സര്‍ക്കാരിനോട് ചോദിക്കാനോ പ്രതിഷേധിക്കാനോ തങ്ങള്‍ക്ക് കഴിയില്ലെന്നും ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആസിഫ് അലി പഠാന്‍ പറഞ്ഞു. 

'ഇതൊന്നുമല്ലാതെ തന്നെ ഞങ്ങള്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ നടപടി ശരിയല്ലെന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം'- അദ്ദേഹം പറഞ്ഞു. 

എന്നാല്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള വിവരശേഖരണം സര്‍ക്കാര്‍ തുടരുമെന്നും ആരും ഇതുവരെ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി ഭൂപേന്ദ്രസിന്‍ഹ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios