നരേന്ദ്രമോദി കുറ്റക്കാരനല്ലെന്ന എസ്ഐടി റിപ്പോർട്ട് ശരിവച്ച 2017 ഒക്ടോബര്‍ അഞ്ചിലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സാക്കിയ ജഫ്രി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.  

ദില്ലി: ഗുജറാത്ത് കലാപ കേസിൽ നരേന്ദ്ര മോദിക്ക് ക്ളീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി. ഗുജറാത്ത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

നരേന്ദ്രമോദി കുറ്റക്കാരനല്ലെന്ന എസ്ഐടി റിപ്പോർട്ട് ശരിവച്ച 2017 ഒക്ടോബര്‍ അഞ്ചിലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സാക്കിയ ജഫ്രി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 22 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നുവെന്നാണ് സാക്കിയ ജഫ്രി ഹര്‍ജിയില്‍ ആരോപിക്കുന്നത്. 

മോദിക്ക് ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എ എം ഖാൻവിൽകർ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2002 ഫെബ്രുവരിയില്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വച്ച് ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി.