1000-500 രൂപാ നോട്ടുകള്‍ രാജ്യത്ത് മരവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുജറാത്തില്‍ നിന്നുള്ള 'അകില' എന്ന ദിനപത്രമാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരിച്ചത്. ആ പത്ര കട്ടിംങ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

എന്നാല്‍, അത് ഒരു വിഡ്ഢി ദിനത്തിലെ 'തമാശ' മാത്രമായിരുന്നു എന്നാണ് വിഷയത്തെ കുറിച്ച് 'അകില' യുടെ എഡിറ്റര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. കള്ളപ്പണവും അഴിമതിയും തടയുമെന്ന പ്രഖ്യാപനത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ ഇതിന്‍റെ ആദ്യ പടിയായി 1000-500 രൂപാ നോട്ടുകള്‍ നിരോധിക്കും എന്നായിരുന്നു 'അകില' ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 

ഒരു ചരിത്രപരമായ തീരുമാനമായി ഇത് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തമാശ രൂപേണ വിഡ്ഢി ദിനത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയായിരുന്നു അതെന്നും മാസങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും 'അകില'യുടെ എഡിറ്റര്‍ പ്രതികരിച്ചിട്ടുണ്ട്.