ആലപ്പുഴ ജില്ലയില്‍ 11 ദിവസത്തിനിടെ നടന്നത് മൂന്ന് ക്വട്ടേഷന്‍ കൊലപാതകങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ഇതില്‍ രണ്ടും. ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരും മുപ്പത് വയസ്സില്‍ താഴെ പ്രായമുള്ളരാണ്.
ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടഭൂമിയായി മാറുകയാണ് ആലപ്പുഴ ജില്ലയുടെ തെക്കന്‍ മേഖല. പ്രത്യേകിച്ച് ഹരിപ്പാടും കായംകുളവും. കഴിഞ്ഞ 11 ദിവസത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത് മൂന്ന് യുവാക്കള്‍. എല്ലാകൊലപാതകങ്ങള്‍ക്കും നേതൃത്വം കൊടുത്തത് ക്വട്ടേഷന്‍ സംഘങ്ങളും. ഹരിപ്പാടിന് സമീപിന് സമീപം കരുവാറ്റയിലാണ് ആദ്യകൊലപാതകം ഉണ്ടായത്. കരുവാറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉല്ലാസ് വെട്ടേറ്റു മരിച്ചത് ഫെബ്രുവരി ഒന്നിന്. ഗുണ്ടാകുടിപ്പകയായിരുന്നു ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. അതിനു പിന്നാലെ ഫെബ്രുവരി 10ന് ഡിവൈഎഫ്ഐ നേതാവ് ജിഷ്ണുവിനെ ഒന്‍പതംഗ ക്വട്ടേഷന്‍ സംഘം പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടും ഹരിപ്പാട് സിഐ സംഭവം സ്ഥലം സന്ദര്‍ശിക്കാതിരുന്നത് വിവാദമാവുകയും സിഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് കൊലപാതകങ്ങളുടേയും നടുക്കും മാറുന്നതിനു മുമ്പാണ് മറ്റൊരു കൊലപാതകം കൂടി കായംകുളത്ത് നടന്നത്. കായംകുളം മുതുകുളത്ത് കാറിലെത്തിയ നാലംഗ ഗുണ്ടാസംഘം സുമേഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ സുമേഷ് കഴിഞ്ഞ ദിവസമാണ് റിമാന്‍ഡില്‍ ഇറങ്ങിയത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സുമേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ജില്ലയുടെ തെക്കന്‍ മേഖലയില്‍ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ വ്യാപകമാകുമ്പോഴും പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന വിമര്‍ശനവുമുണ്ട്.
