ബലാൽസംഗ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീദ് റാം റഹീം സിംഗിനുള്ള ശിക്ഷ നാളെ വിധിക്കും. അക്രമസാധ്യത കണക്കിലെടുത്ത് റോത്തക്കിലെ ജയിലിൽ തന്നെയായിരിക്കും കോടതി നടപടികൾ. അക്രമം തടയാൻ കരസേനക്ക് വെടിവെക്കാനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്തേവാസിയായ സ്ത്രിയെ ബലാൽസംഗം ചെയ്ത കേസിൽ ദേര സച്ച സൗദ തലവൻ ഗുര്‍മീദ് റാം റഹീം കുറ്റക്കാരനാണെന്ന് പഞ്ച്കുല പ്രത്യക സിബിഐ കോടതി കണ്ടെത്തിയിരുന്നു. റാം റഹീം സിംഗിനുള്ള ശിക്ഷയാണ് നാളെ വിധിക്കുക. അക്രമങ്ങൾ പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തിൽ റാം റഹീം സിംഗിന് ശിക്ഷ നൽകാനുള്ള കോടതി നടപടികൾ ജയിലിനുള്ളിൽ തന്നെ പൂര്‍ത്തിയാക്കാനാണ് നീക്കം.

ഇതിനായി സിബിഐ കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. അക്രമം തടയാൻ കരസേന ഹരിയാനയിലും ചണ്ഡിഗണ്ഡിലും എല്ലാ നടപടികളും പൂര്‍ത്തിയാക്കി. അക്രമം ഉണ്ടായാൽ കരസേനക്ക് വെടിവെക്കാനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ഇന്നലെ കരസേന സിര്‍സയിലെ തേര സച്ച സൗദയുടെ ആസ്ഥാനം അടച്ചിരുന്നു. 36 ആശ്രമങ്ങളാണ് സൈന്യം വളഞ്ഞിരിക്കുന്നത്. ആദ്യദിവസം അക്രമം അടിച്ചമര്‍ത്തുന്നതിൽ ഹരിയാന സര്‍ക്കാരിനുണ്ടായ വീഴ്ചയെ ഇന്നലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കോടതി വിമര്‍ശനത്തിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ കട്ടാര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു.