ദില്ലി: ബലാല്‍സംഗക്കേസിലെ വിധിക്ക് തൊട്ടു പിന്നാലെ ഗുര്‍മീത് റാം റഹിം സിംഗിനെ കാത്തിരിക്കുന്നത് രണ്ട് കൊലക്കേസുകളിലെ വിധികള്‍.ഇതിന് പുറമേ സിസ്റയിലെ ദേര ആശ്രമത്തിലെ 400 ശിഷ്യന്‍മാരെ ബലം പ്രയോഗിച്ച് വന്ധ്യംകരിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണം അവസാനഘട്ടത്തിലാണ്. ഇതിനിടെ, ആശ്രമം കേന്ദ്രീകരിച്ച് വ്യാപകമായി ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നുവെന്ന ഒരു ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ 15 വര്‍ഷമായി അധികൃതര്‍ പൂഴ്ത്തിവെച്ച കാര്യവും പുറത്തുവന്നു.

ലക്ഷക്കണക്കിന് ആരാധകര്‍. ആത്മാഹുതിക്ക് വരെ തയ്യാറായി നില്‍കുന്ന ശിഷ്യഗണങ്ങള്‍. അധികാര കേന്ദ്രങ്ങളില്‍ വന്‍ സ്വാധീനവും. ഇതൊക്കെ തന്നെയാണ് ഗുര്‍മീത് റാം റഹീം എന്ന ആള്‍ ദൈവത്തെ ക്രിമിനല്‍ ലോകത്തേക്ക് എത്തിച്ചതും.തനിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുക എന്നതായിരുന്നു ഇയാളുടെ രീതി. ആദ്യ കൊലക്കേസ് ജൂലൈ 2002 ല്‍. ദേര ആശ്രമത്തിലെ മാനേജര്‍ രഞ്ജിത് സിംഗ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തു. ആശ്രമത്തിലെ സന്യാസിനികളെ ലൈംഗിക ചൂഷണം നടത്തുന്നുവെന്നകാര്യം ഊമകത്തുകളിലൂടെ പുറംലോകത്തെ അറിയിച്ചത് രഞ്ജിത് ആയിരുന്നു എന്നാണ് ആരോപണം.

സിര്സ ആശ്രമത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തെത്തിച്ച പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ചത്തേര്‍പതിയുടെ കൊലപാതകാണ് രണ്ടാമത്തെ കേസ്. 2002 ഒക്ടോബര്‍ 23 നായിരുന്നു ഇത്. സിബിഐ അന്വേഷിച്ച ഈ രണ്ട് കൊലക്കേസുകളുടേയും വിചാരണ പഞ്ച്കുളയിലെ സിബിഐ പ്രത്യേക കോടതിയില്‍ അവസാനഘട്ടത്തിലാണ്.ആശ്രമത്തിലെ 400 ലധികം ശിഷ്യരെ ബലം പ്രയോഗിച്ച വധ്യംകരിച്ചെന്ന പരാതി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ അന്വേഷിച്ചുവരികയാണ്.

സിര്‍സയില ആശ്രമത്തിലെ നിയമവിരുദ്ധ പ്രവര്ത്തനങ്ങളെക്കുറിച്ച് 2002 ല്‍ അന്നത്തെ സിര്‍സ സെഷന്‍സ് ജഡ്ജി എം എസ് സുല്ലാര്‍ രഹസ്യാന്വേഷണം നടത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആശ്രമത്തിലെ സന്യാസിനികളെ റാം റഹീം നിരന്തരമായ ലൈംഗീകമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്. ഇതുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തെങ്കിലും ഒരുഫലവും ഉണ്ടായില്ലെന്ന് മാത്രം.