നിഖില്‍ ആനന്ദ് എന്ന പതിനഞ്ചുവയസുകാരനെയാണ് കുട്ടിയുടെ പിതാവില്‍ നിന്നും പണം തട്ടാനായി ബിനയ്സിങ് തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 

പൂനെ: പണത്തിനായി പതിനഞ്ചു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ജിം പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. വാര്‍ജെ സ്വദേശിയും ജിമ്മിലെ പരിശീലകലനായ ബിനയ്‌സിങ് വീരേന്ദ്രസിങ് രജ്പുത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു. 

പൂനയിലെ വിദര്‍വാദിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. നിഖില്‍ ആനന്ദ് എന്ന പതിനഞ്ചുവയസുകാരനെയാണ് കുട്ടിയുടെ പിതാവില്‍ നിന്നും പണം തട്ടാനായി ബിനയ്സിങ് തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് ബിനയ്സിങിന്‍റെ സുഹൃത്തിന്‍റെ കൈയില്‍ നിന്നും 25,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാനായില്ല. ഇതോടെ കുട്ടിയെ തട്ടിയെടുത്ത് പണം ആവശ്യപ്പെടുകയായിരുന്നു. 

ഞായറാഴ്ച വൈകീട്ടാണ് നിഖിലിനെ അച്ഛന്‍ ആനന്ദിന്‍റെ കടയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. പിന്നീട് കുട്ടിയുടെ മൃതദേഹം സമീപത്തുള്ള മാലിന്യകൂമ്പാരത്തില്‍ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ബിനയ്സിങ്ങിനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടി തന്‍റെ പേര് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് കല്ലുകൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.