കോട്ടയം: ഹാദിയ വീട്ടിൽ സുരക്ഷിത യും സന്തോഷവതിയുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശര്‍മ. ഈ മാസം 27ന് കോടതിയില്‍ ഹാജരാകാന്‍ ഹാദിയ തയ്യാറായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹാദിയയെ കോട്ടയത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖ ശര്‍മ്മ.
കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഹാദിയയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും രേഖ ശര്‍മ വ്യക്തമാക്കി. കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. രേഖ ശര്‍മ ഹാദിയയുമായി നടത്തിയ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു.മൊബൈലില്‍ എടുത്ത ഹാദിയയുടെ ചിത്രവും അവര്‍ ഉയര്‍ത്തിക്കാട്ടി. മാധ്യമങ്ങള്‍ ആരോപിക്കുന്നത് പോലെ ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും രേഖ ശര്‍മ ആരോപിച്ചു. മൂന്ന് ദിവസം കേരളത്തിലുള്ള രേഖ ശര്‍മ നിമിഷ ഫാത്തിമയുടെ അമ്മയേയും സന്ദര്‍ശിക്കും.
ചൊവ്വാഴ്ച കോഴിക്കോടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തുന്നുണ്ട്. പരാതിയുള്ള ആര്‍ക്കും തന്നെ നേരിട്ട് കാണാമെന്ന് രേഖ ശര്‍മ്മ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുമായും അവര്‍ കൂടിക്കാഴ്ച നടത്തും.
