ദില്ലി: ഹദിയ കേസിൽ ഹദിയയുടെ ഭര്‍ത്താവ് ഷഫിൻ ജഹാന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. എൻഐഎ അന്വേഷണത്തെ എതിര്‍ത്തതിനാണ് വിമര്‍ശനം. കേസിന്‍റെ മുഴുവൻ രേഖകളും എൻഐഎയ്ക്ക് കൈമാറാൻ കേരള പൊലീസിന് കോടതി നിര്‍ദ്ദേശം നൽകി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷഫിൻ ജഹാൻ നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഷഫിന്‍റെ അഭിഭാഷകനെ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ വിമര്‍ശിച്ചത്. കേസ് എൻഐഎ അന്വേഷിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്തതിനേയാണ് കോടതി വിമര്‍ശിച്ചത്. 

സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫയലുകൾ പരിശോധിക്കണമെന്ന ആവശ്യംമേയുള്ളൂവെന്നുമുള്ള ഷഫിൻ ജഹാന്‍റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. കേസ് എൻഐഎയോ സിബിഐയോ അന്വേഷിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.

കേരള പൊലീസ് അന്വേഷിക്കുന്ന കേസായതിനാൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ കൈവശം കേസ് ഫയലിലെന്നും അഡീഷണൽ സോളിസിറ്റര്‍ ജനറൽ മനീന്ദര്‍ സിംഗ് വ്യക്തമാക്കി. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് എൻഐഎയും സമ്മതം അറിയിച്ചു.

എൻഐഎ അന്വേഷണത്തോട് യോജിച്ച് കോടതി കേസ് ഫയൽ എൻഐഎയുമായി പങ്കുവയ്ക്കണമെന്ന് കേരള പൊലീസിന് നിര്‍ദ്ദേശം നൽകി. കേസ് എൻഐഎ അന്വേഷിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.