ന്യൂഡല്‍ഹി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയിൽ വിധിയിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. വിവാഹവും എൻ.ഐ.എ അന്വേഷണം കൂട്ടികലര്‍ത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി തീരുമാനം നിയമപരമായി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിനിടെ അഭിഭാഷകര്‍മ്മിലുള്ള വാഗ്വാദങ്ങൾ കോടതിമുറിയിൽ നാടകീയ രംഗങ്ങൾക്ക് കാരണമായി.
ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹാദിയ കേസ് പരിഗണിച്ചത്. ഹാദിയയുടെ അച്ഛൻ അശോകന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും അഭിപ്രായമാണ് കേസിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അച്ഛൻ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ മേൽ എങ്ങനെയാണ് വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് സാധിക്കുക എന്ന് ചോദിച്ച കോടതി മാസിക പ്രശ്നങ്ങളില്ലാത്ത ഒരാൾക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന പരാമര്‍ശവും നടത്തി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി തീരുമാനം നിയമപരമായി തെറ്റാമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഗൗരവമായ ഒരുപാട് വിഷയങ്ങൾ ഈ കേസിൽ അന്വേഷിക്കാനുണ്ടെന്നാണ് എൻ.ഐ.എക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. വിവാഹവും എൻ.ഐ.എ അന്വേഷണവും കൂട്ടികലര്‍ത്തേണ്ടതില്ല എന്ന് അതിന് കോടതി മറുപടി നൽകി. അതിന് ശേഷം ചൂടേറിയ വാദപ്രതിവാദങ്ങൾക്കും അഭിഭാഷകര്‍ തമ്മിലുള്ള വാഗ്വാദങ്ങൾക്കുമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് സാക്ഷിയായത്.
ഹൈക്കോടതി വിധിയെ ന്യായീകരിക്കുന്ന എൻ.ഐ.എ കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യിലെ പാവയായി മാറുകയാമെന്ന് ഷെഫിൻ ജഹാന്‍റെ അഭിഭാഷകൻ ദുഷ്യന്ത് ദവേ വാദിച്ചു. ഹാദിയ കേസ് ഉയര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊക്കെ ശ്രമിക്കുകയാമെന്ന ആരോപണവും വാദത്തിനിടെ ദുഷ്യന്ത് ദവേ ഉയര്‍ത്തി.
രാഷ്ട്രീയ നേതാക്കളുടെ പേര് പരാമര്‍ശിച്ചതിൽ കടുത്ത അതൃപ്തി അറിയിച്ച കോടതി കേസിനെ തകര്‍ത്തുകളായാനാണോ നിങ്ങൾ ശ്രമിക്കുന്നതെന്ന് ഷെഫിൻ ജഹാന്‍റെ അഭിഭാഷകനോട് ചോദിച്ചു. പിന്നീട് കേസ് ഒക്ടോബര്‍ 30ലേക്ക് മാറ്റിവെച്ചു. നിയമപരവും ഭരണഘടനാപരുമായ വിഷയങ്ങളല്ലാതെ കേസിൽ ഒന്നും പരാമര്‍ശിക്കരുതെന്ന് തുടര്‍ന്ന് കോടതി മുന്നറിയിപ്പ് നൽകി. എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ എത്തിയിരുന്നെങ്കിലും അതിലേക്കൊന്നും കോടതി കടന്നില്ല. ഹാദിയയുടെ ഭാഗം കേസിൽ കേൾക്കുമെന്ന് അറിയിച്ച കോടതി അതിനുള്ള നടപടികൾ പിന്നീട് ആലോചിക്കുമെന്നും വ്യക്തമാക്കി.
