ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചു. തീര്‍ഥാടകലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായിലെത്തി. നാളെയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം.

അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ദശലക്ഷക്കണക്കിനു തീര്‍ഥാടകര്‍ തമ്പുകളുടെ നഗരമായ മിനായിലെത്തി. മിനായിലേക്ക് ഇന്നലെ രാത്രി ആരംഭിച്ച തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഹറം പള്ളിയില്‍ തവാഫ് നിര്‍വഹിച്ചാണ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും മിനായിലേക്ക് നീങ്ങുന്നത്. ഇന്ന് ഉച്ച മുതല്‍ നാളെ രാവിലെ വരെ മിനായില്‍ താമസിക്കുക എന്നതാണ് ഹജ്ജിന്റെ ആദ്യത്തെ കര്‍മം. മിനായിലെത്തിയ തീര്‍ഥാടകര്‍ തമ്പുകളില്‍  പ്രാര്‍ത്ഥനയും മറ്റു ആരാധനാ കര്‍മങ്ങളുമായി കഴിഞ്ഞു കൂടുകയാണ്.

നാളെയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം. ഇതിനായി രാവിലെ മുതല്‍ തീര്‍ഥാടകര്‍ അറഫയില്‍ എത്തും. നാളെ വൈകുന്നേരം അറഫയില്‍ നിന്നും മടങ്ങുന്ന ഹാജിമാര്‍ രാത്രി മുസ്ദലിഫയില്‍ തങ്ങും. വെള്ളിയാഴ്ച രാവിലെ മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മിനായില്‍ താമസിച്ച് ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും. തിങ്കളാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് തീര്‍ഥാടകര്‍ മിനായില്‍ നിന്നും മടങ്ങും. 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. 1,70,000 ഹാജിമാരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കുന്നത്. 45 ഡിഗ്രീ സെല്‍ഷ്യസ് വരെയാണ് മിനായില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന താപനില. ഇന്ത്യക്കാരുടെ സേവനത്തിനായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ എല്ലാ സജ്ജീകരണങ്ങളുമായി മിനായിലുണ്ട്.