തിരുവല്ല എഴുമറ്റൂരില്‍ ഔദ്യോഗിക വിസയുണ്ടെന്ന് തെറ്റിധരിപ്പിച്ച് ദമ്പതികളെ ഹജ്ജിന് കൊണ്ടുപോയി പറ്റിച്ചതായി പരാതി. എന്നാല്‍ ബിസിനസ് ഇന്‍വിറ്റേഷന്‍ വിസയിലാണ് ഇവരെ കൊണ്ടുപോയതെന്നും തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ട്രാവല്‍ ഏജന്‍സി വിശദീകരിക്കുന്നു.
വെണ്ണിക്കുളം എഴുമറ്റൂര്‍ സ്വദേശികളായ ഇബ്രാഹിം റാവുത്തര്‍, ഭാര്യ ജമീല ഇബ്രാഹിം, എന്നിവരാണ് തട്ടിപ്പിന് ഇരയായി എന്ന പരാതിയുമായി രംഗത്തെത്തിയത്. ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഔദ്യോഗിക വിസക്കും യാത്രക്കുമായി എന്ന പേരില്‍ എഴരലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. പരിചയക്കാരനാണ് എരുമേലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂ ഫാത്തിമ ട്രാവല്‍സ് എന്ന സ്ഥാപനവുമായി ബന്ധപ്പെടുത്തിയതെന്ന് ഇബ്രാഹിം റാവുത്തര്‍ പറയുന്നു.
കൊണ്ടുപോയവര്‍ വഴിയില്‍ ഉപേക്ഷിച്ചെന്നും, ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിക്കാനായില്ലെന്നും ജമീല പറയുന്നു. കുടുങ്ങിപ്പോയ തങ്ങളെ സന്നദ്ധസംഘടനാ പ്രവര്‍ത്തകരാണ് സഹായിച്ചതെന്നും ജമീല പറയുന്നു.
ബിസിനസ് ഇന്‍വിറ്റേഷന്‍ വിസയിലാണ് ഇവരെ കൊണ്ടുപോയതെന്നും അക്കാര്യം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു എന്നുമാണ് ന്യൂ ഫാത്തിമ ട്രാവല്‍സ് ഉടമകളായ അബ്‍ദുള്‍ റസാക്കും, ഷാനവാസും വിശദീകരിക്കുന്നത്. യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നുവെന്നും, ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടെ ഇവര്‍ കൂട്ടം തെറ്റി പോവുകയായിരുന്നു എന്നും ട്രാവല്‍സ് ഉടമകള്‍ വിശദീകരിക്കുന്നു. തട്ടിപ്പിനെതിരെ ദമ്പതികള്‍ പത്തനംതിട്ട എസ് പിക്ക് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
