കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് ജൂലൈ 12ന് തുടക്കമാകും. ആദ്യ ഹജ്ജ് വിമാനം 13ന് രാവിലെ 6.30 ന് നെടുമ്പാശ്ശേരിയില്‍ 
നിന്നും പറന്നുയരും. സംസ്ഥാന ഹജ്ജ് കമ്മിററി ഭാരവാഹികള്‍ കരിപ്പൂരില്‍ അറിയിച്ചതാണ് ഇക്കാര്യം. ഈ മാസം ഒന്‍പതാം തീയതി തന്നെ ഹജ്ജ് സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. 

ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇതനുസരിച്ചുള്ള സൗകര്യങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സിയാല്‍ ഒരുക്കിയിട്ടുണ്ട്. കൂടുതലായി 350 ക്യാമ്പ് വോളണ്ടിയര്‍മാരെക്കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. സൗദി എയര്‍ലൈന്‍സാണ് തീര്‍ത്ഥാടകരെ കൊണ്ടു പോകുന്നത്. 

39 വിമാനസര്‍വ്വീസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തവണത്തെ 11,355 തീര്‍ത്ഥാടകരില്‍ 83 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളരാണ്. അടുത്തവര്‍ഷം തീര്‍ത്ഥാടകര്‍ക്ക് കരിപ്പുരില്‍ നിന്നു തന്നെ ഹജ്ജിന് പോകാനാവുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടന്നും ഹജ്ജ് കമ്മിററി ഭാരവാഹികള്‍ അറിയിച്ചു.