ജിദ്ദ: ഹജ്ജ് വേളയില്‍ പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ സൗദി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നു ലോകാരോഗ്യ സംഘടന. തീര്‍ഥാടകർ ഹജ്ജിനെത്തുന്നതിന് മുമ്പ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. ഇറാനില്‍ നിന്നും ഇത്തവണ എണ്‍പത്തിനാലായിരം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കും.

അടുത്ത ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഡെങ്കിപ്പനി, മഞ്ഞപ്പനി, സീക്ക വൈറസ്, മേനിഞ്ചറ്റിസ്, കോളറ തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കുമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കുറ്റമറ്റ രീതിയില്‍ സ്വീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ യു.എന്‍ ബ്രീഫിങ്ങില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ഹജ്ജിനെത്തുന്ന വിദേശ തീര്‍ഥാടകരും ആഭ്യന്തര തീര്‍ഥാടകരും മേനിഞ്ചറ്റിസ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തല്‍ നിര്‍ബന്ധമാണെന്ന് സൗദി വ്യക്തമാക്കി. ഹജ്ജ് വിസ അടിക്കുന്നതിനു മുമ്പ് എല്ലാ പ്രതിരോധ മാര്‍ഗങ്ങളും തീര്‍ഥാടകര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വിദേശരാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

തീര്‍ഥാടകര്‍ സൗദിയില്‍ എത്തുന്നതിനു ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും കുത്തിവെയ്പ്പ് നടത്തണം. അതേസമയം ഇറാനില്‍ നിന്ന് ഇത്തവണ എണ്‍പത്തിനാലായിരം തീര്‍ഥാടകര്‍ ഹജ്ജിനെത്തുമെന്ന് സര്‍വീസ് ഏജന്‍സി വെളിപ്പെടുത്തി. നയതന്ത്ര തര്‍ക്കം മൂലം കഴിഞ്ഞ വര്‍ഷം ഇറാനില്‍ നിന്നും തീര്‍ഥാടകര്‍ എത്തിയിരുന്നില്ല. ഇറാനുമായി സൗദിക്ക് നയതന്ത്ര ബന്ധം ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ഹജ്ജ് വിസ അനുവദിക്കുക.