നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചത് 3,210 ആളുകള്‍ക്കാണ്. മന്ത്രി കെ.ടി. ജലീലിന്‍റെ നേതൃത്വത്തില്‍സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലാണ് നറുക്കെടുപ്പ് നടന്നത്

കോഴിക്കോട്: കേരളത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 11,472 പേര്‍ക്കാണ് ഹജ്ജിന് പോകാനുള്ള അവസരം. ആകെ 43,115 അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്. നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചത് 3,210 ആളുകള്‍ക്കാണ്.

മന്ത്രി കെ.ടി. ജലീലിന്‍റെ നേതൃത്വത്തില്‍സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലാണ് നറുക്കെടുപ്പ് നടന്നത്. 43,115 അപേക്ഷകരില്‍ ആദ്യമായി ഹജ്ജിന് അപേക്ഷിച്ച 70 വയസ് കഴിഞ്ഞ 1,199 പേര്‍ക്കും 45 വയസിന് മുകളിലുള്ള 2,011 സ്ത്രീകള്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു.

ശേഷിക്കുന്ന 39,905 പേര്‍ക്ക് വേണ്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. ഹജ്ജിന് അവസരം ലഭിച്ചവരുടെ വിശദാംശങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൊച്ചിയില്‍നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. നറുക്കെടുപ്പിന് ശേഷം പുറത്തായവരെ കാത്തിരിപ്പ് പട്ടികയിലുള്‍പ്പെടുത്തി.

നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ പിന്മാറുകയാണെങ്കില്‍ ആ ഒഴിവിലേക്ക് ഇവരെ പരിഗണിക്കും. മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തന സജ്ജമാക്കാനും യോഗം തീരുമാനിച്ചു.