ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ പുതിയ നടപടിയുമായി സൗദി

ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൗദി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇതിന്‍റെ പ്രയോജനം കിട്ടും.

വിദേശ ഹജ്ജ് തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ തീര്‍ഥാടകര്‍ പുറപ്പെടുന്ന രാജ്യങ്ങളില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കാനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ഹജ്ജ് വേളയില്‍ മലേഷ്യയില്‍ ഇത് നടപ്പിലാക്കിയത് വിജയകരമായിരുന്നു. ഇരുപത്തിയേഴ് രാജ്യങ്ങളില്‍ കൂടി ഈ സംവിധാനം കൊണ്ട് വരുമെന്ന് സൗദി പാസ്പോര്‍ട്ട്‌ മേധാവി സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു.

ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഉള്ള ഇന്തോനേഷ്യയില്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലും ഇത്തവണ ഈ സൗകര്യം ഒരുക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഇമിഗ്രേഷന്‍ നടപടികള്‍ക്ക് പുറമേ, തീര്‍ഥാടകരുടെ വിരലടയാളം രേഖപ്പെടുത്തുക, പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയവയും അതാത് രാജ്യങ്ങളില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കും.

ഈ തീര്‍ഥാടകര്‍ സൗദിയില്‍ വിമാനം ഇറങ്ങുന്നതോടെ ആഭ്യന്തര യാത്രക്കാരെ പോലെ പെട്ടെന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാം. ഇമിഗ്രേഷന്‍ നടപടികള്‍ക്കായി മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത് ഒഴിവാക്കാന്‍ ഇത് മൂലം സാധിക്കും. ഇത്തവണ ഉംറ സീസണ്‍ ആരംഭിച്ചതിനു ശേഷം ഏതാണ്ട് അറുപത്തിമൂന്നു ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായും സുലൈമാന്‍ അല്‍ യഹിയ പറഞ്ഞു.