ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ ജൂലൈ ഇരുപത്തിനാല് മുതല്‍ സൗദിയില്‍ എത്തിത്തുടങ്ങുമെന്നു ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആഗസ്റ്റ് ഇരുപത്തിയാറ് വരെ ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ തുടരും. 2013 ന് മുമ്പുണ്ടായിരുന്ന ഹജ്ജ് ക്വാട്ട ഈ വര്‍ഷം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കും.
വിദേശ തീര്‍ഥാടകരുടെ എണ്ണം ഇരുപത് ശതമാനവും ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം അമ്പത് ശതമാനവുമാണ് ഈ വര്‍ഷം കൂടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2,60,000 വിദേശ തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിനെത്തും എന്നാണു പ്രതീക്ഷ. 169 രാജ്യങ്ങളില്‍ നിന്നായി 13,25,372 വിദേശ തീര്‍ഥാടകരും 5,37,537 ആഭ്യന്തര തീര്‍ഥാടകരുമാണ് കഴിഞ്ഞ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്.
അമ്പതിയെട്ട് വിമാനക്കമ്പനികളാണ് കഴിഞ്ഞ വര്‍ഷം ഹജ്ജ് സര്‍വീസ് നടത്തിയത്. 6,94,171 തീര്‍ഥാടകര്‍ ജിദ്ദാ വിമാനത്താവളം വഴിയും 5,51,170 തീര്‍ഥാടകര്‍ മദീനാ വിമാനത്താവളം വഴിയും ഹജ്ജിനെത്തി. ഇന്ത്യയില്‍ നിന്നും 1,70,000 ത്തോളം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിത്തും. കേന്ദ്രവവ്യോമയാന മന്ത്രാലയം പുറത്തു വിട്ട താല്‍ക്കാലിക ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ജൂലൈ ഇരുപത്തിനാല് മുതല്‍ ഓഗസ്റ്റ് ഇരുപത്തിയാറ് വരെയാണ്.
കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് എട്ടു മുതലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ പതിനഞ്ചു മുതലായിരിക്കും മടക്ക സര്‍വീസുകള്‍. ഹറം പള്ളിയിലും ഹജ്ജുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ചു തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും വര്‍ഷത്തില്‍ നാല്‍പത് ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
