ഹനാന്‍ ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെന്ന് കോളേജ് അധികൃതര്‍

തൊടുപുഴ: സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യം വില്‍ക്കുന്ന വാര്‍ത്തതകള്‍ പുറത്ത് വന്ന് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടതിന് പിന്നാലെ തെറ്റായ വാര്‍ത്തയാണെന്നും സിനിമയുടെ പ്രചരണത്തിന് വേണ്ടി നടത്തിയ പ്രഹസനമാണെന്നും കടുത്ത ആരോപണം നേരിട്ട പെണ്‍കുട്ടി ഹനാന്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണെന്ന് കോളേജ് അധികൃതര്‍. ഒരു പരിപാടിക്കിടെ കടുത്ത ചെവിവേദന മൂലം ബുദ്ധിമുട്ടിയ ഹനാനെ സഹായിച്ചത് അധ്യാപകരാണെന്നും കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന കുട്ടിയാണെന്നും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ സജീവമാണ് ഹനാനെന്നും തൊടുപുഴ അല്‍ അസര്‍ കോളേജ് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി.

ഹനാനെ പറ്റി വന്ന വാര്‍ത്തകള്‍ ശരിയാണെന്ന് കോളേജിലെ വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നു. ഹനാന്‍ എന്താണെന്ന് നേരിട്ടറിയാമെന്നും മികച്ചൊരു പോരാളിയാണ് ഹനാനെന്നും സഹപാഠികള്‍ പറയുന്നു. ഹനാനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ വസ്തുതകള്‍ മനസിലാക്കണമെന്നും സഹപാഠികള്‍ പറയുന്നു. കാര്യമറിയാതെ ഉറഞ്ഞ് തുള്ളുന്നവര്‍ കാര്യങ്ങള്‍ വന്ന് കണ്ട് ബോധ്യപ്പെടണമെന്നും സഹപാഠികള്‍ പറയുന്നു.

കോളേജിലെ പരിപാടികള്‍ക്ക് ഹനാന്‍ നിരവധി തവണ അവതാരക ആയിട്ടുണ്ടെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്നലെയാണ് കൊച്ചി പാലാരിവട്ടത്ത് കോളേജ് യൂണിഫോമില്‍ മല്‍സ്യം വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത പുറത്ത് വന്നത്. കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ തളരാതെ പൊരുതി നില്‍ക്കുന്ന പെണ്‍കുട്ടിയെ ആദ്യം തോളിലേറ്റിയ സമൂഹമാധ്യമങ്ങള്‍ വ്യാജവാര്‍ത്തയാണെന്ന് പ്രചരണത്തെ തുടര്‍ന്ന് ഹനാനെതിരെ രൂക്ഷമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നേരിട്ടത്.