ഹനാന്‍ ഹമീദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വച്ചാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്

തിരുവനന്തപുരം: അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹനാന്റെ അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചത്.

അതേസമയം ഹനാന്‍ ഹമീദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വച്ചാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

അബോധാവസ്ഥയില്‍ അല്ലെങ്കിലും ഐസിയുവിലാണ് ഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്നാണ് ഹനാന്‍ ഹമീദെന്ന ബിരുദ വിദ്യാര്‍ത്ഥിനി ജന ശ്രദ്ധ ആകര്‍ഷിച്ചത്.

നേരത്തെ തന്റെ അവസ്ഥ വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്ന് പലരായി സഹായിച്ച ഒന്നരലക്ഷം രൂപ ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ്.