പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ പെൺകുട്ടി മരിച്ചത് ബുധനാഴ്ച

പത്തനംതിട്ട കടമ്മനിട്ടയിൽ പ്ലസ്ടു വിദ്യാ‍‍ർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കുടിലുകുഴി കാരുമല വിനോദ് കുമാറിന്‍റെ മകൾ മൈഥിലിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അടുക്കളിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതശരീരം.

കടമ്മനിട്ട ഗവൺമെന്‍റ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മൈഥിലിയെ ബുധനാഴ്ച വൈകിട്ടാണ് വീടിന്‍റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥിനി ധരിച്ചിരുന്ന യൂണിഫോം പോലും മാറ്റിയിരുന്നില്ല. അടുക്കളയിൽ ഇരുകാലുകളും നിലത്ത് കുത്തി പട്ടികയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതശരീരം.നാല് മണിക്ക് ശേഷം സ്കൂൾ വിട്ട് എത്തിയ ഇളയ സഹോദരിയായിരുന്നു മൃതശരീരം കണ്ടത്. തുടർന്ന് സഹോദരി ബഹളം വച്ച് അയൽക്കാരെ അറിയിക്കുകയായിരുന്നു.

നന്നായി പഠിച്ചിരുന്ന വിദ്യാ‍ർത്ഥിനിയാണ് മൈഥിലി. വീട്ടിലോ സ്കൂളിലോ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.കുട്ടിയുടെ രക്ഷിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.മൃതശരീരം കിടന്നതുൾപ്പെടെയുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൊലപാതകമാണെന്ന് ബന്ധുക്കൾ പറയുന്നത്. പുസ്തകങ്ങൾ കട്ടിലിലിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ആറന്മുള പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തിട്ടുണ്ട്.സമീപവാസികളിൽ നിന്ന് പൊലീസ് മൊഴി എടുത്തു.