അവരെ എത്രയും വേ​ഗം തൂക്കിലേറ്റി എന്റെ മകൾക്ക് നീതി നേടിത്തരുക അതുപോലെ മറ്റ് പെൺകുട്ടികൾക്കും നിർഭയയുടെ അമ്മ ആശാദേവി ആവശ്യപ്പെടുന്നു

ദില്ലി: രാജ്യത്തെ നിയമസംവിധാനങ്ങൾ സമൂഹത്തെ തോൽപിക്കരുതെന്നും എത്രയും വേ​ഗം വധശിക്ഷ നടപ്പിലാക്കി തന്റെ മകൾക്കും മറ്റ് പെൺകുട്ടികൾക്കും നീതി വാങ്ങിക്കൊടുക്കണമെന്നും നിർഭയയുടെ അമ്മ ആശാ ദേവി. നിർഭയ കേസിൽ പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വധശിക്ഷ പുനപരിശോധിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നിയമസംവിധാനങ്ങൾക്കെതിരെ നിർഭയയുടെ അമ്മയുടെ പ്രതികരണം. നിയമസംവിധാനങ്ങൾ തന്നെയും സമൂഹത്തെയും തോൽപിച്ചു എന്നായിരുന്നു നിർഭയയുടെ അമ്മ പ്രതികരിച്ചത്. എന്നാൽ തങ്ങളുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. നിയമസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്. അവരെ എത്രയും വേ​ഗം തൂക്കിലേറ്റി എന്റെ മകൾക്ക് നീതി നേടിത്തരുക, അതുപോലെ മറ്റ് പെൺകുട്ടികൾക്കും. ആശാദേവി നിർഭയയുടെ അമ്മ ആവശ്യപ്പെടുന്നു.

യാതൊരു കാരണവശാലും വധശിക്ഷ പുനപരിശോധിക്കണമെന്ന ആവശ്യം പരി​ഗണിക്കാൻ പാടില്ലെന്നാണ് അഭിഭാഷകരുടെയും അഭിപ്രായം. അത്തരമൊരു ഹർജി സമർപ്പിക്കാൻ പോലും പ്രതികൾ യോ​ഗ്യരല്ല. നീതിയുടെ തോൽവിയായിരിക്കും ഇങ്ങനെ സംഭവിച്ചാൽ ഉണ്ടാകാൻ പോകുന്നത്. അവരുടെ ഹർജി പരി​ഗണിക്കാൻ പാടില്ല എന്ന ആവശ്യമുയർത്തി പ്രതിഷേധം കനത്തു വരികയാണ്. ഇന്ന് പുനപരിശോധിക്കാനിരിക്കുന്ന സുപ്രീം കോടതി വിധിയിൽ ശിക്ഷയിൽ ഇളവ് വരുത്തരുതെന്നും ആശാദേവി കൂട്ടിച്ചേർത്തു. 2012 ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ നിർഭയ കേസിന് ലോകം സാക്ഷ്യം വഹിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ വച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനി അതിക്രൂരമായി ബലാത്സം​ഗം ചെയ്യപ്പെടുകയായിരുന്നു.