'ഭക്തിയോടെ രാമന് വേണ്ടി എല്ലാം ചെയ്ത ഹനുമാനെ കുരങ്ങനായല്ല ഉറപ്പായും മനുഷ്യനായി ജനിപ്പിക്കണമായിരുന്നു. ആ സമയം മുതല്‍ ദളിതനായതില്‍ അദ്ദേഹം ഒരുപാട് അപമാനം നേരിട്ടു. എന്തുകൊണ്ടാണ് നമ്മള്‍ ദളിതരെ മനുഷ്യരായി കാണക്കാക്കാത്തത് ?'

ലക്നൗ: ഹനുമാന്‍ ദളിതനായിരുന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി എം പി സാവിത്രി ബായ് ഫൂലെ. ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഹനുമാന്‍, ഭൂവുടമകളുടെ(മനുവാദി) അടിമയായിരുന്നുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ത്തത്. 

'ഭഗവാന്‍ ഹനുമാന്‍ ദളിതനായിരുന്നു. എന്നാല്‍ അദ്ദേഹം ഭൂപ്രഭുക്കളുടെ(മനുവാദികളുടെ) അടിമയായിരുന്നു. അദ്ദേഹം ദളിതനും മനുഷ്യനുമായിരുന്നു. രാമന് വേണ്ടി അദ്ദേഹം എല്ലാം ചെയ്ത് കൊടുത്തു. എന്നിട്ട് എന്തിനാണ് അദ്ദേഹത്തിന് വാലും കരിപുരണ്ട മുഖവും നല്‍കിയത് ? എന്തിനാണ് അദ്ദേഹത്തെ കുരങ്ങനാക്കിയത് ?' സാവിത്രി ഫൂലെ ചോദിച്ചു. 

'ഭക്തിയോടെ രാമന് വേണ്ടി എല്ലാം ചെയ്ത ഹനുമാനെ കുരങ്ങനായല്ല ഉറപ്പായും മനുഷ്യനായി ജനിപ്പിക്കണമായിരുന്നു. ആ സമയം മുതല്‍ ദളിതനായതില്‍ അദ്ദേഹം ഒരുപാട് അപമാനം നേരിട്ടു. എന്തുകൊണ്ടാണ് നമ്മള്‍ ദളിതരെ മനുഷ്യരായി കാണക്കാക്കാത്തത് ?' സാവിത്രി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. എന്നാല്‍ സാവിത്രി ബായ് ഫൂലെയ്ക്ക് ഇന്ത്യന്‍ പാരമ്പര്യത്തെ കുറിച്ച് അറിവില്ലെന്നാണ് കരുതുന്നതെന്ന് ബിജെപി വക്താവ് ചന്ദ്ര മോഹന്‍ പറഞ്ഞു. 

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോടും സാവിത്രി ബായ് ഫൂലെ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് ബിജെപി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് ഫൂലെ പറഞ്ഞു. രാജ്യത്തിന് ഒരു ക്ഷേത്രത്തിന്‍റെ അത്യവശ്യമില്ല. രാ ക്ഷേത്രം ദളിതരുടെ തൊഴിലില്ലായ്മയും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുമോ എന്നും അവര്‍ ചോദിച്ചു.

രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു. ഹനുമാന്‍ ദളിതനായിരുന്നുവെന്ന് യോഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം സമാന പ്രസ്താവന നടത്തിയിരുന്നു.

തുടര്‍ന്ന് ഹനുമാൻ ദളിതനാണെങ്കിൽ എല്ലാ ഹനുമാൻ ക്ഷേത്രങ്ങളും ദളിതർക്ക് വിട്ടു നൽകണമെന്ന ആവശ്യവുമായി ആഗ്രയിലെ ദളിതർ രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങൾ തങ്ങളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലി-കാണ്‍പൂര്‍ ഹൈവേയിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് വ്യാഴാഴ്ച ദളിതര്‍ മാര്‍ച്ച് നടത്തി. ദളിത് ഹനുമാന്‍ കീ ജയ് എന്നു വിളിച്ചുകൊണ്ട് പൂണൂല്‍ ധരിച്ചായിരുന്നു പ്രകടനങ്ങൾ. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് വലതുപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.