അഹമ്മദാബാദ്: തനിക്കെതിരെ ബി.ജെ.പി വ്യാജ ലൈംഗീക സിഡി പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ ആരോപിച്ചു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം പരിപാടികള്‍ക്ക് ബി.ജെ.പി ഒരുങ്ങുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'തന്നെ തകര്‍ക്കുന്നതിനായി ബി.ജെ.പി വ്യാജ സി.ഡി നിര്‍മ്മിക്കുന്നു. ഇത് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പുറത്തുവിടാനും ഇവര്‍ ആലോചിക്കുന്നു. ഇതില്‍ കൂടുതല്‍ എന്താണ് ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കാനുള്ളത് ? എല്ലാവരും കാത്തിരുന്ന കണ്ട് ആസ്വദിക്കു' എന്നായിരുന്നു ഹാര്‍ദ്ദികിന്റെ ട്വീറ്റ്.

കേടുവന്ന വോട്ടിങ് യന്ത്രങ്ങളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതെന്നും ഹാര്‍ദ്ദിക്ക് ആരോപിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന 3,550 വോട്ടിങ്ങ് യന്ത്രങ്ങള്‍ പരിശോധനകളില്‍ പരാജയപ്പെട്ടെന്നും പട്ടേല്‍ നേതാവ് പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ജിതു വാഹാനി രംഗത്തെത്തി.