അഹമ്മദാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒന്‍പത് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഗുജറാത്തിലെ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ മോചിതനായി. ജാമ്യ വ്യവസ്ഥ പ്രകാരം ഹാര്‍ദിക് പട്ടേല്‍ ആറുമാസത്തേക്ക് ഗുജറാത്തിന് പുറത്ത് കഴിയേണ്ടിവരും. 

കഴിഞ്ഞ ആഴ്ചതന്നെ പട്ടേലിനെതിരായ രണ്ടു രാജ്യദ്രോഹക്കേസുകളില്‍ ഗുജറാത്ത് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. മറ്റൊരു കേസില്‍ കൂടെ ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് പട്ടേല്‍ ജയില്‍ മോചിതനായത്. 

പട്ടേല്‍ സമുദായത്തിന് ജോലി സംവരണം നല്‍കണമെന്ന് ആവശ്യവുമായി നടത്തുന്ന സമരം തുടരുമെന്ന് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു. അതേസമയം അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സൂറത്തില്‍ രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.