ചണ്ഡീഗഡ്: പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്ത ഹരിയാന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരളയുടെ മകനുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. ഐ.എ.എസ് ഓഫീസറുടെ മകളുടെ പരാതിയിലാണ് ബരളയുടെ മകന്‍ വികാസ് ബരളയെ ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ പഞ്ചുകുലയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ മകന്‍ തന്നെ നിരന്തരം പിന്നാലെ നടന്നു ശല്യപ്പെടുത്തിയെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടി നല്‍കിയ പരാതിയിൽ പറയുന്നത്. മദ്യപിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ പിന്തുടരുകയായിരുന്നു.ഇതോടെ ഭയന്നു പോയ പെൺകുട്ടി തൊട്ട് അടുത്ത വീട്ടിൽ അഭയം തേടി.
ഇവരാണ് സംഭവം പെൺകുട്ടിയുടെ വീട്ടിൽ അറിയിച്ചത്. സംഭവത്തിൽ വികാസിന്റെ സുഹൃത്ത് അശിഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ചണ്ഡിഗഡ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുഭാഷ് ബരളയെ വീണ്ടും തെരഞ്ഞെടുത്തത്. 48കാരനായ ഇദ്ദേഹം ഹരിയാന നിയമസഭാഗം കൂടിയാണ്.എന്നാൽ മകന്റെ അറസ്റ്റിൽ ബരള ഇതുവരെ പ്രതികരിച്ചിട്ടില്ല.
