ഇന്ത്യയിലെ 95 ശതമാനം പ്രദേശത്തും ആര്‍എസ്എസ് സാന്നിധ്യമുണ്ടെന്ന അവകാശവാദവുമായി ആര്‍എസ്എസ്

മുംബൈ: ഇന്ത്യയിലെ 95 ശതമാനം പ്രദേശത്തും ആര്‍എസ്എസ് സാന്നിധ്യമുണ്ടെന്ന അവകാശവാദവുമായി ആര്‍എസ്എസ്. ആകാശവാണിക്ക് പോലും ഇന്ത്യയിലെ 92 ശതമാനം പ്രദേശത്ത് മാത്രമേ എത്താന്‍ സാധിച്ചുള്ളുവെന്നാണ് ആര്‍എസ്എസ് അവകാശവാദം. ആര്‍എസ്എസിന്‍റെ നാഗ്പൂരില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച കണക്കാണ് ഇത് പറയുന്നത്. ഇന്ത്യയില്‍ ആകെ 58,976 ശാഖകള്‍ ആര്‍എസ്എസിനുണ്ടെന്നാണ് അവകാശവാദം.

കാശ്മീര്‍ താഴ്വരയിലെ ചിലസ്ഥലങ്ങള്‍, മിസോറാം, നാഗലാന്‍റ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ആര്‍എസ്എസ് സാന്നിധ്യം ഇല്ലാത്തത് എന്നാണ് ആര്‍എസ്എസ് വക്താവ് കൃഷ്ണഗോപാല്‍ പറയുന്നത്. 2014ന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരായി പുതുതായി 40,000 പേര്‍ വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരോ ആര്‍എസ്എസ് ശാഖയ്ക്കും ഒരു മണിക്കൂറിനുള്ളില്‍ ഏത് പ്രവര്‍ത്തനവും നടത്താന്‍ സാധിക്കുന്ന രീതിയിലുള്ള പരിശീലമാണ് കിട്ടുന്നത്.