താന്‍ നേരിട്ടത് കത്വ പെൺകുട്ടി നേരിട്ട രീതിയിലുള്ള പീഡനം തന്നെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വനത്തിലുപേക്ഷിക്കാനായിരുന്നു പദ്ധതിയെന്ന് ഹസിന്‍ ജഹാന്‍

കൊല്‍ക്കത്ത: താന്‍ നേരിട്ടത് കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ പീഡനമെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. കത്വ പെണ്‍കുട്ടിയ്ക്ക് പിന്‍തുണ പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസിന്‍ ജഹാന്‍. കത്വ പെൺകുട്ടിയുമായി തനിക്കുള്ള ഏക വ്യത്യാസം താന്‍ കൊല്ലപ്പെട്ടില്ല എന്നതാണെന്നും ഹസിന്‍ ജഹാന്‍ പറയുന്നു. 

പീഡിപ്പിച്ച് കൊലപ്പെടുത്തി കാട്ടിനുള്ളില്‍ ഉപേക്ഷിക്കാനായിരുന്നു ഷമിയുടെ പദ്ധതി. അത് നടന്നില്ലെന്നും ഹസിന്‍ വിശദമാക്കി. ഏതാനും മാസമായി പല രീതിയിലും പൊരുതിയാണ് താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷമിയുടെ സഹോദരനുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ഷമി നിര്‍ബന്ധിച്ചെന്നും ഹസിന്‍ പറയുന്നു. 

ഹസിന്റെ ആരോപണങ്ങളോട് ഷമിയോ, കുടുംബാഗങ്ങളോ ഇത് വരെ പ്രതികരിച്ചിട്ടില്ല. തന്നെ ശാരീരികമായി ആക്രമിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചതായും ഷമിക്ക് പരസ്‌ത്രീ ബന്ധമുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഷമിക്കെതിരെ ഒത്തുകളി ആരോപണവും ഹസിന്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസില്‍ ഹസിന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ഷമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.