കൊല്ലം: കോടികൾ തട്ടിച്ചെന്ന പരാതിയിൽ മകൻ കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്ന് ചവറ വിജയൻപിള്ള എംഎൽഎ. വിവാദത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് വിജയൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം ബിനോയ് കോടിയേരിക്ക് സിപിഎം നൽകിയ പോലുള്ള പിന്തുണ മകൻ ശ്രീജിത്തിന് കിട്ടാത്തതിൽ വിജയൻപിള്ളക്ക് പരാതിയുണ്ട്.
ബിനോയ് കോടിയേരിയും ശ്രീജിത്ത് വിജയനും കോടികൾ തട്ടിച്ചെന്ന പരാതിയാണ് സിപിഎം നേതൃത്വത്തിന് കിട്ടിയത്. എന്നാൽ ബിനോയിക്ക് അനുകൂലമായ നടപടികൾ അതിവേഗമുണ്ടായി. കേസില്ലെന്ന് ദുബായ് കോടതിയും പൊലീസും അറിയിച്ചു. പക്ഷെ ശ്രീജിത്തിന്റെ കേസിൽ അവ്യക്തത തുടരുന്നു, ഇരുവർക്കുമെതിരെ നേരത്തെ പരാതിപ്പെട്ട രാഹുൽകൃഷണ ഇപ്പോൾ കുറ്റപ്പെടുത്തുന്നത് ശ്രീജിത്തിനെ മാത്രം. ബിനോയിക്കെതിരായ പരാതി സിപിഎം നേരിട്ട പോലെയാണ് വിജയൻപിള്ളയും മകനെ പ്രതിരോധിക്കുന്നത്.
അതേ സമയം പണത്തിനായി രാഹുൽകൃഷ്ണ തന്നെ വന്ന് കണ്ടിരുന്നുവെനന് വിജയൻപിള്ള സമ്മതിച്ചു. 17 തവണ വന്നിരുന്നില്ല. ഇടത് നേതൃത്വത്തിന്റെ പിന്തുണ മുഴുവൻ ബിനോയിക്ക് മാത്രം കിട്ടുന്നതിൽ വിജയൻപിള്ളക്ക് പരാതിഉണ്ടെങ്കിലും പരസ്യമാക്കാൻ തയ്യാറല്ല. ശ്രീജിത് വിജയൻ ഒളിവിലാണ്. ബിനോയിക്ക് പാർട്ടി ക്ലീൻ സർട്ടിഫിക്കറ്റ് നൽകുമ്പോഴും വിവാദം ഉടൻ കെട്ടടങ്ങാനിടയില്ല.
