ഗോൾവേട്ടയിൽ മുന്നിലുള്ള ലൂക്കാക്കു ഹാരി കെയ്നെ മറികടക്കുമോയെന്ന് കണ്ടറിയണം
മോസ്‌കോ: ലോകകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ പ്രീക്വാർട്ടര്‍ പോരാട്ടത്തിന് പൂര്‍ണ സജ്ജമെന്ന് പ്രഖ്യാപിച്ച് ഇരു ടീമുകളും ആദ്യ ഇലവന്‍ പുറത്തുവിട്ടു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കരയ്ക്കിരുന്ന സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ ഹസാര്‍ഡും ലുക്കാക്കുവും ബെല്‍ജിയം നിരയില്‍ തിരികെയെത്തിയെന്നതാണ് സവിശേഷത. കരുത്തരായ ബെൽജിയത്തിന്‍റെ എതിരാളികൾ ഏഷ്യൻ പ്രതീക്ഷയായ ജപ്പാനാണ്.
ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ ലോകകപ്പിലെ കരുത്തരിൽ കരുത്തരാണ് ബെൽജിയം. തോൽവിയറിയാതെ 16 മത്സരം പൂർത്തിയാക്കിയ ടീം. എതിരാളികൾ ഭയക്കണം കോച്ച് മാർട്ടിനസിന്‍റെ ചുവന്ന ചെകുത്താൻമാരെ. ഇംഗ്ലണ്ടിനെതിരെ രണ്ടാംനിരയെ ഇറക്കി ജയിച്ച് കയറിയ ആത്മ വിശ്വാസവും ജപ്പാനെതിരെ കളിക്കാനിറങ്ങുമ്പോൾ കൂട്ടുണ്ട്. ഗോൾവേട്ടയിൽ മുന്നിലുള്ള ലൂക്കാക്കു ഹാരി കെയ്നെ മറികടക്കുമോയെന്ന് കണ്ടറിയണം.
പെനാൽറ്റി ഷൂട്ടൗട്ട് വരെ കാക്കാതെ ജയിക്കുമെന്ന് പരിശീലകന്‍ പറഞ്ഞെങ്കിലും പ്രീക്വാർട്ടറിൽ റഷ്യയുടെ ജയം ചില സൂചനകളാണ്. ഷൂട്ടൗട്ടിനായി പ്രത്യേക പരിശീലനം നടത്തിയാണ് കുർട്ടോയിസിന്‍റെ വരവ്. വലിയ വിജയങ്ങളുടെ കണക്ക് പറയാനില്ലെങ്കിലും പരിചയസമ്പന്നതയാണ് ജപ്പാന്‍റെയും പ്രതീക്ഷ. കവാഷിമ, ഹോണ്ട, ഒക്കസാക്കി തുടങ്ങി വലിയ വേദിയിൽ പോരാടി തഴക്കം വന്നവർ ടീമിലുണ്ട്.
