കൊച്ചി: ശബരിമലയില്‍ വെടിവഴിപാട് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജില്ലാ കളക്ടറുടെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എബ്രഹാം മാത്യു, ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്. വെടിമരുന്ന സൂക്ഷിക്കുന്നതിന് വീണ്ടും ലൈസന്‍സിന് അപേക്ഷ നല്‍കിയത് കണക്കിലെടുത്താണ് സ്റ്റേ നീക്കിയത്.

ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. വെടിവഴിപാട് സുരക്ഷയില്ലാതെയാണ് നടത്തുന്നതെന്ന പൊലീസ് ,ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടുകള് കണക്കിലെടുത്താണ് ജില്ല കളക്ടര്‍ എസ് ഹരികിഷോര്‍ താല്‌ക്കാലികമായി നിരോധിച്ചത്. കൊപ്ര പുരയ്‌ക്ക് സമീപത്താണ് വെടി മരുന്ന് സൂക്ഷിക്കുന്നത്. ഇതനിടുത്ത് മാലിന്യം കൂട്ടിയിട്ട് തീ കത്തിക്കുന്നുണ്ടെന്നും ഇത് അപകടത്തിനിടയാക്കുമെന്നും ഫയര്‍ഫോഴ്‌സും പൊലീസും റിപ്പോര്‍ട്ട്നല്‍കിയിരുന്നു.