കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകത്തില്‍ റിപ്പര്‍ ജയാനനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ജയാനന്ദന്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഉത്തരവ്.

വടക്കന്‍ പറവൂര്‍ പൂത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കോലപ്പെടുത്തിയ കേസിലാണ് റിപ്പര്‍ ജയാനന്ദന് വധശിക്ഷ വിധിച്ചിരുന്നത്. ഇത് റദ്ദാക്കിയ കോടതി പകരം പ്രതിക്ക് ജീവിതാവസാനംവരെ തടവു ശിക്ഷ വിധിച്ചു. ഇയാള്‍ പ്രതിയായ ദമ്പതി വധക്കേസിലും വധശിക്ഷ റദ്ദാക്കിയിരുന്നു. ഉറങ്ങിക്കിടന്ന ദേവകി എന്ന ബേബിയെ 2006 ഒക്‌ടോബര്‍ രണ്ടിനു രാത്രി ഒരുമണിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു സ്വര്‍ണവള മോഷ്ടിക്കാന്‍ ഇടതുകൈ മുറിച്ചെടുക്കുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ആക്രമിക്കുകയും ചെയ്തിരുന്നു. അത്യപൂര്‍വമായ കേസായതിനാല്‍ ജയാനന്ദന് വധശിക്ഷ നല്‍കണമെന്നായിരുന്നു വാദം. ഇയാള്‍ പുറത്തിറങ്ങിയാല്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പലരേയും തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുന്നതായി തെളിഞ്ഞതിനാലാണ് ഇയാളെ റിപ്പര്‍ എന്നി വിളിച്ചിരുന്നത്. തൃശൂര്‍ പൊയ്യ പള്ളിപ്പുറംകര സ്വദേശി ജയാനന്ദന്റെ പേരില്‍ കൊലക്കുറ്റത്തിനു പുറമേ വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട 23 കേസുകള്‍ ഉണ്ട്. ചില കേസുകളില്‍ നേരത്തെ ഇയാളെ കോടതി വിട്ടയച്ചിരുന്നു.