കോട്ടയം: ബേക്കറിയില്‍ മോശം ഭക്ഷണമെന്നു വരുത്തി തീര്‍ക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കാണിച്ച തട്ടിപ്പ് മുകളിലൊരാള്‍ കണ്ടു. ഉദ്യോഗസ്ഥന്റെ തട്ടിപ്പ് സിസി ടിവി കയ്യോടെ പിടികൂടി. കോട്ടയം നഗരത്തിലെ ഹോട്ടല്‍ ആര്യാസ് ഗ്രാന്റ് ബേക്കറിയില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ് വെളിവായത്. 

ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹോട്ടല്‍ ഉടമയും അസോസിയേഷനുകളും കലക്ടര്‍ക്കും നഗരസഭയ്ക്കും ദൃശ്യങ്ങളടക്കം നിവേദനം നല്‍കി. 

എയര്‍ കണ്ടീഷണറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനിടെ കേക്കുകള്‍ സൂക്ഷിക്കുന്ന റാക്കില്‍ നിന്നു കേക്കുകള്‍ ഉദ്യോഗസ്ഥന്‍ നിലത്തേക്കു വലിച്ചിടുന്നതു കാമറ ദൃശ്യം വ്യക്തമാക്കുന്നു. തുടര്‍ന്നു കേക്കുകള്‍ വൃത്തിഹീനമായി നിലത്ത് ഇരിക്കുകയാണ് എന്നുപറഞ്ഞു തുടര്‍ന്നു നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ അത്രമൊരു സാഹചര്യം ഒരിക്കലും ഉണ്ടാവില്ലെന്ന് ബോധ്യപ്പെടുത്തിയട്ടും ബേക്കറി പൂട്ടിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് കടയുടമ പറയുന്നു. തങ്ങളെ കൂട്ടാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി അകത്തു കയറിയതെന്നും തുടര്‍ന്നു കള്ളത്തരം കാണിക്കുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു.