സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജൂൺ ഒന്ന് വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

ഇന്നലയുണ്ടായ മഴയിൽ പലയിടത്തും നാശനഷ്ടമുണ്ടായിരുന്നു. തലസ്ഥാനത്തെ തീരദേശത്തു കടൽ പ്രക്ഷുബ്ധമാണ്. വലിയ തിരമാലകളും ശക്തമായ കാറ്റും വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വലിയതുറ,ശംഖുമുഖം ഭാഗത്തെ വള്ളങ്ങൾ ഇപ്പോൾ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തേക്ക് മാറ്റുകയാണ്.

കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം അറബി കടലിന്‍റെ തെക്ക് കിഴക്ക് രൂപപ്പെട്ട ശക്തമായ ന്യൂനമർദം നിലനിൽക്കുകയാണ്. കേരള-കർണാടക തീരത്തിന്റെയും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും. ഈ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യത ഉണ്ട്. ഇതിന്റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിരീക്ഷണം. അതിനാൽ അടുത്ത 48 മണിക്കൂറത്തേക്ക് മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്,കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുത് എന്ന് നിർദേശിക്കുന്നു.