മരുന്നടിക്കാരുടെ കാലില്‍  ഒരു മുറിവുണ്ടായാല്‍ മതി അതൊരു ദുരന്തമായി മാറാന്‍. കൃഷിവകുപ്പ് നിർദേശിക്കുന്നതിലും എത്രയോ ഇരട്ടിയാണ് കർഷകർ പാടങ്ങളിൽ തളിക്കുന്ന കീടനാശിനി.

ആലപ്പുഴ: കുട്ടനാട്ടിലേതടക്കമുള്ള പാടശേഖരങ്ങളില്‍ തോന്നും പോലെയാണ് കര്‍ഷകര്‍ കീടനാശിനി അടിക്കുന്നത്. ഏക്കറിന് 50 ഗ്രാം വിഷം 150 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്താന്‍ കമ്പനി നിര്‍ദ്ദേശിക്കുമ്പോള്‍ ഭൂരിപക്ഷം കര്‍ഷകരും ഇരട്ടി വിഷം പകുതി വെള്ളത്തില്‍ കലര്‍ത്തിയടിക്കുകയാണ് ചെയ്യുന്നത്. ഇത് മരണത്തിന് വരെ കാരണമായേക്കാമെന്ന് മരുന്നടിക്കുന്നവര്‍ തന്നെ പറയുന്നു. മരുന്ന് കമ്പനികളും കൃഷിവകുപ്പും പാടശേഖരസമിതിയും പറയുന്നത് പോലെയല്ല കര്‍ഷകരുടെ മരുന്ന് പ്രയോഗം. എളുപ്പം കാര്യങ്ങള്‍ നടന്നുകിട്ടാന്‍ വീര്യംകൂട്ടിയടിക്കും.

മരുന്നടിക്കാരുടെ കാലില്‍ ഒരു മുറിവുണ്ടായാല്‍ മതി അതൊരു ദുരന്തമായി മാറാന്‍. കമ്പനി നിര്‍ദ്ദേശിക്കുന്ന മറ്റ് സുരക്ഷാ സംവിധാനമൊന്നും മരുന്നടിക്കാര്‍ ഉപയോഗിക്കുന്നുമില്ല. നേരത്തെ കുട്ടനാട്ടില്‍ വ്യാപകമായി പാടശേഖരങ്ങളിൽ കക്ക ഉപയോഗിക്കുമായിരുന്നു. കക്ക തീരെ ഇല്ലാതെയാണ് ഇപ്പോള്‍ മിക്കവരും പാടമൊരുക്കുന്നത്. ഇതോടെ കീടനാശിനി കൂടുതല്‍ ഉപയോഗിക്കാതെ നല്ല വിള കിട്ടില്ലെന്ന അവസ്ഥയുമായി. കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് മതിയായ ബോധവല്‍ക്കരണം നല്‍കുകയും കീടനാശിനി ഉപയോഗിക്കുന്ന കാര്യത്തില്‍ കടുത്ത നിയന്ത്രണം വരുത്തുകയുമാണ് ഇതിനുള്ള പോംവഴിയെന്ന് കര്‍ഷകര്‍ തന്നെ സമ്മതിക്കുന്നു.