കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് 20 ശതമാനം മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോഴും കൈമാറാൻ സാധിച്ചില്ല. സാറ്റലൈറ്റ് ഫോണ്‍ വേണമെന്ന ആവശ്യം നടപ്പായില്ല. സാഗര ആപ്പും ഫലപ്രദമായില്ല.
തിരുവനന്തപുരം: മത്സ്യബന്ധനത്തിന് ആഴ്ചകള്‍ക്ക് മുൻപേ പോയ തൊഴിലാളികള്‍ക്ക് കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് കൈമാറാൻ ഇനിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് നിന്നും പോയ തൊഴിലാളികളില്‍ ഇരുപത് ശതമാനം ഇനിയും മടങ്ങി വന്നിട്ടില്ലെന്നാണ് കണക്ക്...അതേസമയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലില്‍ പോകില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി
കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ അപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ട്രോളിംഗ് ബോട്ടുകള്‍ക്കാണ് മുന്നറിയിപ്പ് കൈമാറാൻ സാധിക്കാത്തത്. ചൂണ്ട വള്ളങ്ങള്‍ക്കും സന്ദേശം ലഭിച്ചിട്ടില്ല. അതേസമയം രണ്ട് ദിവസത്തിലൊരിക്കല്‍ കടലില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ് കൈമാറി. ഇന്ന് വൈകീട്ടോടെ വള്ളങ്ങള്‍ തീരമണയും.
കരയില്‍ നിന്നും 20 നോട്ടിക്കല്‍ മൈലാണ് വയര്‍ലെസ് സന്ദേശത്തിന്‍റെ ദൂരപരിധി. 200 നോട്ടിക്കല്‍ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കണമെന്ന ആവശ്യം നടപ്പായില്ല. ഓഖിക്ക് ശേഷം സര്‍ക്കാര്‍ നടപ്പാക്കിയ സാഗര എന്ന ആപ്പും ഫലപ്രദമായില്ല. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് സന്ദേശമയ്ക്കാൻ ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കുമാകുന്നില്ല. മുന്നറിയിപ്പ് കണക്കിലെടുത്ത് നിലവില്‍ ആരും കടലിലേക്ക് പോകുന്നില്ല. ജില്ലാ ഭരണകൂടവും തീരദേശങ്ങളില്‍ പ്രത്യേക നീരീക്ഷണം തുടങ്ങി.

