ആറുവര്‍ഷത്തിനു ശേഷം ഇതാദ്യമാണ് യു.എ.ഇയില്‍ ഒരു ദിവസം മുഴുവനായും മഴലഭിക്കുന്നത്. സാധാരണ വിരുന്നെത്തുന്ന മഴ തിമിര്‍ത്തു പെയ്തതോടെ ജനജീവിതം താറുമാറായി. റോഡുകളില്‍ വെള്ളം കെട്ടിനിന്നതോടെ ഗതാഗതം മന്ദ ഗതിയിലായി. ദുരക്കാഴ്ച മങ്ങിയത് മൂലം പലസ്ഥങ്ങളിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴലഭിച്ചു. ചിലയിടങ്ങില്‍ കാറ്റും ഇടിയും അകമ്പടിയായുണ്ടായിരുന്നു. ഫുജൈറയില്‍ മലമുകളില്‍ നിന്ന് വെള്ളം താഴേക്ക് ഒഴുകിയിറങ്ങി. വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടായിരിക്കില്ല എന്നതിനാല്‍ അര്‍ധരാത്രി കടലില്‍ ഇറങ്ങുന്നതു ഒഴിവാക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. അറബി കടലിലും ഒമാനിലും തിര ശക്തിപ്പെടാനിടയുണ്ട്. തിര ശക്തിപ്പെടുന്ന സമയങ്ങളില്‍ കടലില്‍ ഇറങ്ങരുതെന്ന് ദുബായ് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും നാളെ കൂടി മഴ തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.